ഇടതുപക്ഷത്തെ ചേലക്കരക്കാര്‍ക്ക് വിശ്വാസം, ഞങ്ങള്‍ കൂടെ നിന്നിട്ടുണ്ട്; ഇനിയും നിൽക്കും: യു.ആര്‍. പ്രദീപ്

ചേലക്കരയില്‍ വിജയമുറപ്പിച്ച ശേഷമായിരുന്നു യു.ആര്‍ പ്രദീപിന്റെ പ്രതികരണം.
ഇടതുപക്ഷത്തെ ചേലക്കരക്കാര്‍ക്ക് വിശ്വാസം, ഞങ്ങള്‍ കൂടെ നിന്നിട്ടുണ്ട്; ഇനിയും നിൽക്കും: യു.ആര്‍. പ്രദീപ്
Published on

ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ച ചരിത്രമേ ചേലക്കരയിലെ ജനങ്ങള്‍ക്കുള്ളുവെന്ന് സിപിഎം സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്. ചേലക്കരയ്‌ക്കൊപ്പം തന്നെയാണ് ഇടതുപക്ഷവും എക്കാലവും നിലകൊണ്ടതെന്നും പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.

ചേലക്കരയില്‍ വിജയമുറപ്പിച്ച ശേഷമായിരുന്നു യു.ആര്‍ പ്രദീപിന്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനേക്കാള്‍ 9,000 ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് യു ആര്‍ പ്രദീപ്.

'ചേലക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളു. അതുതന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്. ഞങ്ങളെ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ചേലക്കരക്കാര്‍ക്ക് വിശ്വാസമാണ്. ഞങ്ങള്‍ കൂടെ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കും. ചേലക്കരയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല ലീഡ് വന്നുകൊണ്ടിരിക്കുകയാണ്. ബാക്കി വോട്ടുകള്‍ വരുന്നതിനനുസരിച്ച് ബാക്കി പറയാം,' യു.ആര്‍. പ്രദീപ് പറഞ്ഞു.

ചേലക്കര വിജയിച്ചാല്‍ അത് അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്നുള്ള പ്രതീക്ഷയോടു കൂടി എല്ലാ തരത്തിലുമുള്ള പ്രചാര വേലകളും ഇവിടെ ഇറക്കിയിട്ടുണ്ടായിരുന്നെങ്കിലും അതൊന്നും വിലപോയില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

'ചേലക്കരയില്‍ വോട്ടെണ്ണല്‍ അഞ്ചാമത്തെ പഞ്ചായത്തിലേക്ക് കടന്നപ്പോൾ തന്നെ യു.ആര്‍ പ്രദീപിന്റെ ലീഡ് 8000 കടന്നിട്ടുണ്ട്. ഇനിയും എണ്ണാനുള്ള പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഞങ്ങള്‍ നേരത്തെ കണക്കുകൂട്ടിയതു പോലെ തന്നെ ഇടതുപക്ഷത്തിന് ഉജ്വല വിജയം മണ്ഡലത്തില്‍ ഉണ്ടാകും. വലിയ രീതിയില്‍ കള്ള പ്രചാരണങ്ങളും കുപ്രചരണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികമായി നമുക്ക് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നത്,' കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ചേലക്കരയില്‍ അഭിമാന പോരാട്ടമായിരുന്നു ഇക്കുറി മൂന്ന് മുന്നണികള്‍ക്കും. ചേലക്കരയില്‍ ആദ്യം തൊട്ടേ വിജയമുറപ്പിച്ചുകൊണ്ടായിരുന്നു ഇടതുപക്ഷം പ്രചരണം നടത്തിയിരുന്നതെങ്കില്‍ ആലത്തൂരില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു യുഡിഎഫിന്റെ പോരാട്ടം. ബി.ജെ.പി കെ. ബാലകൃഷ്ണനെയാണ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com