
ഗൂഗിളിന്‍റെ അപ്രമാദിത്വത്തിന് തടയിടാന്‍ ക്രോമിനെ ബലികൊടുക്കണമെന്ന നിർദേശവുമായി അമേരിക്കന്‍ നീതിന്യായ വകുപ്പ്. സെർച്ച് എഞ്ചിന്‍ വിപണിയിലെ ഗൂഗിളിന്‍റെ കുത്തക ചോദ്യം ചെയ്തുള്ള കേസിലാണ് നിർണായക നീക്കം. ക്രോം വിറ്റഴിക്കാന്‍ ഗൂഗിളിന് മേല്‍ സമ്മർദ്ദം ചെലുത്തണമെന്ന് ജസ്റ്റിസ് ഡിപാർട്മെന്‍റ് കോടതിയോട് ആവശ്യപ്പെടും. കോടതി ആവശ്യം അംഗീകരിക്കുകാണെങ്കിൽ ഏകദേശം 20 ബില്ല്യൺ ഡോളറിനായിരിക്കും വിൽപ്പന നടക്കുക.
ഗൂഗിളിനെ ഡിഫോള്‍ട്ട് സെർച്ച് എഞ്ചിനായി നിലനിർത്താന്‍ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ചെലവുവരുന്ന കരാറുകളാണ് മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇന്‍ങ്ക്- ആപ്പിള്‍, ആന്‍ഡ്രോയിഡ് സിസ്റ്റവുമായി ഉണ്ടാക്കിയിട്ടുള്ളത്. ഈ അപ്രമാധിത്വം ഒഴിവാക്കാനുള്ള മാർഗമെന്ന നിലയ്ക്കാണ് യുഎസ് നീതിന്യായ വകുപ്പ് ക്രോമിന്‍റെ വില്‍പ്പന മുന്നോട്ടുവയ്ക്കുന്നത്. ഏപ്രിലില്‍ ഇത്തരമൊരു നിർദേശം കോടതിക്ക് മുന്നില്‍വയ്ക്കാനാണ് നീക്കമെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു.
സ്മാർട്ട് ഫോണ്‍ സിസ്റ്റങ്ങളുമായും എഐ കമ്പനികളുമായും അനധികൃത പങ്കാളിത്തമുണ്ടാക്കി സെർച്ച് എഞ്ചിനുകളില്‍ ഗൂഗിള്‍ കുത്തക കെെവശം വയ്ക്കുന്നു എന്ന വാദം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി ശരിവെച്ചിരുന്നു. ജസ്റ്റിസ് അമിത് മേത്തയായിരുന്നു വിധിക്ക് പിന്നില്‍. അടുത്ത വിചാരണയ്ക്ക് മുന്‍പ് പരിഹാര നിർദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും ആവശ്യപ്പെട്ടു. നീതിന്യായ വകുപ്പ് വാദിക്കുന്നതുപോലെ അപ്രമാധിത്വമില്ലെന്നും സെർച്ച് എഞ്ചിന്‍റെ ഗുണമേന്മ കൊണ്ടാണ് ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നതെന്നുമാണ് ഗൂഗിളിന്‍റെ പക്ഷം. ക്രോമിന്‍റെ വില്‍പ്പന കമ്പനിയെ മാത്രമല്ല, ഉപയോക്താക്കള്‍ക്കും തിരിച്ചടിയുണ്ടാക്കുമെന്നും അവർ വാദിക്കുന്നു. ഡിസംബർ വരെ മറ്റുപരിഹാരമാർഗം കോടതിക്ക് മുന്നില്‍വയ്ക്കാനുള്ള അവസരവും ഗൂഗിളിനുണ്ട്.
2025 ഓഗസ്റ്റില്‍ കേസില്‍ അന്തിമവിധിയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വിധി പ്രതികൂലമായാല്‍ അപ്പീല്‍ പോകാനും ഗൂഗിളിന് സാധിക്കും. ഈ സാധ്യതകളിലെല്ലാം നിർണായക ഘടകം നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ്. ട്രംപിന്‍റെ മുന്‍ ഭരണകാലത്ത് നീതിന്യായ വകുപ്പ് കൊണ്ടുവന്ന കേസാണ് ബെെഡന്‍ സർക്കാർ ഏറ്റെടുത്തത്. ഈ വിചാരണ തുടരുമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ട്രംപ് പറയുകയും ചെയ്തു. എന്നാല്‍ ഒക്ടോബറോടെ നിലപാട് മയപ്പെടുത്തിയ ട്രംപ്, ഗൂഗിളിനെ തകർക്കാന്‍ ലക്ഷ്യമിടുന്നില്ല എന്നും പ്രതികരിച്ചു. ട്രംപ് സർക്കാരിനു കീഴില്‍ നീതിന്യായ വകുപ്പിന്‍റെ ചുമതല ആർക്കായിരിക്കും എന്നതും നിർണ്ണായകമാണ്. ട്രംപ് നിലപാട് മാറ്റിയാല്‍ കേസില്‍ നിന്ന് പിന്മാറുന്നതടക്കം നാടകീയമായ വഴിത്തിരിവുകള്‍ കേസിലുണ്ടായേക്കാം.