സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം; പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും മുന്നറിയിപ്പുമായി യുഎസ്

ലാഹോറിലും പരിസരത്തും ഡ്രോൺ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം; പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും മുന്നറിയിപ്പുമായി യുഎസ്
Published on


പാകിസ്ഥാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും മുന്നറിയിപ്പുമായി യുഎസ്. ലാഹോറിലെ കോൺസുലേറ്റ് അംഗങ്ങളും പൗരന്മാരും സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നാണ് പാകിസ്ഥാനിലെ യുഎസ് എംബസി അറിയിച്ചിരിക്കുന്നത്. ലാഹോറിലും പരിസരത്തും ഡ്രോൺ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.



ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ പാകിസ്ഥാനിലുള്ള പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈനിക, സംഘര്‍ഷ മേഖലകള്‍, പ്രത്യേകിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയും, നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. ഭീകരാക്രമണത്തിനും, സായുധ സംഘര്‍ഷങ്ങള്‍ക്കുമുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളെ 'യാത്ര പാടില്ലാത്ത' ഇടങ്ങളുടെ പട്ടികയില്‍ യുഎസ് വിദേശ മന്ത്രാലയം നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സൈനിക നടപടികളെത്തുടര്‍ന്ന്, പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളെ 'യാത്ര പുനഃപരിശോധിക്കണം' എന്ന നിര്‍ദേശത്തിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവരുടെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ പുലർച്ചെ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു യുഎസ് നടപടി.

സംഘര്‍ഷം തുടരുന്ന/സൈനിക പ്രവര്‍ത്തന മേഖലകളില്‍നിന്ന്, സുരക്ഷിതമായി മാറാന്‍ പറ്റുമെങ്കില്‍ മാറുക. നിങ്ങള്‍ക്ക് മാറാന്‍ കഴിയുന്നില്ലെങ്കില്‍, വീടിനുള്ളില്‍ തന്നെ തുടരുക, അവിടെ സുരക്ഷിത ഇടം കണ്ടെത്തുക. ജാഗ്രത പാലിക്കുക, ഐഡി കാർഡ് കരുതുക, നിങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ശ്രമിക്കുക. യുഎസ് എംബസിയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) സൈൻ അപ്പ് ചെയ്യുക. പ്രാദേശിക വാർത്തകൾ പിന്തുടരുകയും, സുരക്ഷാ പദ്ധതി തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യുക -എന്നിങ്ങനെയാണ് യുഎസ് പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് എംബസിക്ക് അറിവുണ്ട്. കാര്യങ്ങള്‍ മാറിമാറി വരുന്ന സാഹചര്യമാണ്. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് എംബസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com