
അങ്ങനെ കോവിഡ് ഉത്ഭവം സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. ലോകമെമ്പാടുമായി 70 ലക്ഷം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരിക്ക് കാരണക്കാനായ കൊറോണ വൈറസിന്റെ ഉത്ഭവം ഒരു ലാബില്‍ നിന്നായിരുന്നിരിക്കാം എന്നാണ് സിഐഎയുടെ നിഗമനം. അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ചൈനയുടെ നേര്‍ക്കാണ്. അതായത് ആദ്യഭരണകാലത്തിന്റെ അവസാനവും, തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകാലത്തും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്ന അതേ പല്ലവി. വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും, കോവിഡിന് കാരണമായ വൈറസിനെ ചൈനാ വൈറസ് എന്നുമൊക്കെയാണ് ട്രംപ് വിശേഷിപ്പിച്ചത്. അത്രത്തോളമില്ലെങ്കിലും, ഇതൊരു സാധ്യത മാത്രമാണെന്ന മുന്‍കൂര്‍ ജാമ്യത്തില്‍ സിഐഎ വിരല്‍ ചൂണ്ടുന്നതും ചൈനയുടെ നേര്‍ക്കാണ്. ട്രംപിനെ മറ്റൊരുതരത്തില്‍ ശരിവയ്ക്കുകയാണ് സിഐഎ.
സിഐഎയുടെ കണ്ടെത്തല്‍
കൊറോണ വൈറസ് പ്രകൃത്യാ ഉണ്ടായതാണ് എന്നതിനേക്കാള്‍ ലാബില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നതിനാണ് ഏറെ സാധ്യതയെന്നാണ് സിഐഎ റിപ്പോര്‍ട്ട്. പുതിയ ഏതെങ്കിലും രഹസ്യ വിവരത്തിന്റെയോ, വെളിപ്പെടുത്തലിന്റെയോ, തെളിവിന്റെയോ അടിസ്ഥാനത്തിലല്ല, ഇതുവരെ ലഭ്യമായ തെളിവുകള്‍ വിശകലനം ചെയ്താണ് സിഐഎയുടെ കണ്ടെത്തല്‍. തെളിവുകള്‍ തീര്‍ച്ചയില്ലാത്തതോ, പരസ്പരവിരുദ്ധമായതോ, അപര്യാപ്തമോ ആയേക്കാമെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് സിഐഎ പുതിയ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡിന് കാരണമായ വൈറസ്, ഗവേഷണത്തിന്റെ ഭാഗമായി പുറത്തുവന്നതാണോ അതോ പ്രകൃത്യാ ഉത്ഭവിച്ചതാണോ എന്ന കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത് തുടരുന്നുണ്ട്. രണ്ടിനും സാധ്യതകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടുള്ള സിഐഎ വക്താവിന്റെ പ്രതികരണം.
ട്രംപിനെ പിന്തുണയ്ക്കുന്ന റാറ്റ്ക്ലിഫ്
ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായിരുന്ന ജോണ്‍ റാറ്റ്ക്ലിഫ് സിഐഎ ഡയറക്ടറായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കൊറോണ വൈറസിന്റെ പിറവി ലാബിലാണെന്ന ട്രംപ് തിയറിയെ അതേപോലെ ഏറ്റുപിടിച്ചവരില്‍ പ്രധാനിയായിരുന്നു റാറ്റ്ക്ലിഫ്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാകണം വൈറസ് പുറത്തുവന്നതെന്നായിരുന്നു റാറ്റ്ക്ലിഫിന്റെ അവകാശവാദം. വൈറസ് ബാധയുടെ ആദ്യ ക്ലസ്റ്റര്‍ സ്ഥിരീകരിച്ച ഹുവാനന്‍ മാര്‍ക്കറ്റും വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ 40 മിനുറ്റ് ഡ്രൈവ് ദൂരം മാത്രമേ ഉള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാറ്റ്ക്ലിഫിന്റെ വാദങ്ങള്‍. സിഐഎ ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ നല്‍കിയൊരു അഭിമുഖത്തില്‍, കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച സിഐഎയുടെ നിഷ്പക്ഷ നിലപാട് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. "ഞാന്‍ ഏറെ സംസാരിച്ചിട്ടുള്ള വിഷയങ്ങളിലൊന്ന്, വിവിധ മേഖലകളിലുള്ള ചൈനീസ് ഭീഷണി നേരിടുന്നതിനെക്കുറിച്ചാണ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് വിലയിരുത്താതെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി സിഐഎ എന്തിനാണ് മാറിയിരിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. അതായിരുന്നു ആദ്യദിനത്തിലേക്കായി ഞാന്‍ മാറ്റിവച്ചത്" -റാറ്റ്ക്ലിഫ് വ്യക്തമാക്കി.
ട്രംപിന് പിന്നാലെ അധികാരത്തിലെത്തിയ ജോ ബൈഡന്റ ഭരണകാലത്ത് നടന്ന അന്വേഷണത്തിന്റെ കണ്ടെത്തലാണ് സിഐഎ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബൈഡന്‍ ഭരണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജേക്ക് സള്ളിവനാണ് കോവിഡ് ഉത്ഭവം സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്താന്‍ സിഐഎയ്ക്ക് ഉത്തരവ് നല്‍കിയത്. ലഭ്യമായ രേഖകള്‍ വിലയിരുത്തിയശേഷം ഒരു കണ്ടെത്തലില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. അതനുസരിച്ചാണ് സിഐഎ റിപ്പോര്‍ട്ട് ഡീക്ലാസിഫൈഡ് രേഖയായി പുറത്തുവിട്ടിരിക്കുന്നത്. രോഗവ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പുറത്തുവന്ന ഏറ്റവും യുക്തിഭദ്രമായ സാധ്യതയെന്ന ഉപസംഹാരത്തോടെയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
ട്രംപിന്റെ വാദം
ട്രംപിന്റെ ആദ്യ ഭരണകാലത്തിന്റെ അവസാന നാളുകളിലാണ് കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചത്. 2019 ഡിസംബര്‍ 31ന് വൈറസ് ബാധയെക്കുറിച്ച് ചൈന ലോകത്തിന് ജാഗ്രതാ നിര്‍ദേശം കൊടുത്തു. എന്നാല്‍, ട്രംപ് ഭരണകൂടം അതിനെ ഗൗരവമായെടുത്തില്ല. അശാസ്ത്രീയവും യുക്തിരഹിതവുമായ അഭിപ്രായങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊണ്ടാണ് ട്രംപ് അതിനെ നേരിട്ടത്. മറ്റു രാജ്യങ്ങള്‍ മാസ്ക്, പൊതുസ്ഥലത്തെ കൂട്ടംകൂടല്‍, പിപിഇ കിറ്റ്, യാത്രാ നിരോധനം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴും, ട്രംപ് അതിനെ ലാഘവത്തോടെയാണ് കണ്ടത്. ഇതെല്ലാം രാജ്യത്തെ വൈറസ് വ്യാപനം തീവ്രമാക്കി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും യുഎസ് ഒന്നാമതെത്തിയതോടെ, ട്രംപ് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അഭിപ്രായ വോട്ടെടുപ്പുകളില്‍ ജനപിന്തുണയും കുറഞ്ഞുവന്നു. ഇതോടെയാണ്, വൈറസിന്റെ പേരില്‍ ട്രംപ് ചൈനയ്ക്കെതിരെ തിരിയുന്നത്. കോവിഡിന്റെ പ്രഭവസ്ഥാനം, ആഗോള വ്യാപനം തടയാനുള്ള ശ്രമങ്ങളില്‍ വീഴ്ച വരുത്തി എന്നിങ്ങനെ ആരോപണങ്ങളാണ് ട്രംപ് ചൈനയ്ക്കെതിരെ ഉന്നയിച്ചത്. കൊറോണ വൈറസിനെ ചൈന ലാബില്‍ സൃഷ്ടിച്ചെടുത്തതാണെന്നായിരുന്നു ട്രംപിന്റെ വാദം. കൊറോണ വൈറസിനെ ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനയ്ക്കെതിരെ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടനയോടും (WHO) ആവശ്യപ്പെട്ടു. എന്നാല്‍ WHO അതിന് തയ്യാറായില്ല. ഇതോടെ, കോവിഡ് ഉത്ഭവം സംബന്ധിച്ച ചൈനയുടെ വാദങ്ങള്‍ ശരിവച്ചുകൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് WHOയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. WHO ഇക്കാര്യം നിഷേധിച്ചതോടെ, സംഘടനയില്‍നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച ട്രംപ് സാമ്പത്തിക സഹായവും മുടക്കി.
ട്രംപിനെ ചേര്‍ത്തും എതിര്‍ത്തും
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് എഫ്ബിഐയ്ക്കും, സിഐഎയ്ക്കും ട്രംപിന്റെ അഭിപ്രായം തന്നെയായിരുന്നു. വൈറസ് ലാബില്‍നിന്ന് ഉണ്ടായതാണെന്നായിരുന്നു രണ്ട് ഏജന്‍സികളുടെയും വിലയിരുത്തല്‍. ലാബില്‍ മനപൂര്‍വം നിര്‍മിക്കപ്പെട്ടത് അല്ലെങ്കില്‍ ഗവേഷണത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെടുകയും ആകസ്മികമായി പുറത്താകുകയും ചെയ്തത് എന്നിങ്ങനെ രണ്ട് വാദങ്ങളാണ് ഉയര്‍ന്നുവന്ന്. മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംഘമായ നാഷണല്‍ ഇന്റലിജെന്‍സ് കൗണ്‍സിലും (NIC) അത്രത്തോളം ഉറച്ച വിശ്വാസത്തോടയല്ലെങ്കിലും ഇതിനോട് പൊരുത്തപ്പെട്ടു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണെന്ന് പറയാനാവില്ല. ലാബില്‍ നിന്ന് പിറവിയെടുത്തതാകാനാണ് സാധ്യത എന്നായിരുന്നു അവരുടെ നിഗമനം. അതേസമയം, ഇത്തരം ആരോപണങ്ങളെയും വാദങ്ങളെയും രാജ്യത്തെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളോ, ഹെല്‍ത്ത് ഏജന്‍സികളോ ഏറ്റുപിടിച്ചിരുന്നില്ല. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, അത് വവ്വാല്‍ പോലുള്ള ഏതെങ്കിലും പക്ഷികളില്‍നിന്നോ മൃഗങ്ങളില്‍നിന്നോ മനുഷ്യരിലേക്ക് പടര്‍ന്നതാകാം എന്നായിരുന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷന്‍ (CDC) വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ്‍ ഡിസീസസ് ഡയറക്ടറായിരുന്ന ഡോ. ആന്റണി ഫൗച്ചിയും ട്രംപിന് എതിരായാണ് നിലപാട് സ്വീകരിച്ചത്. ട്രംപിന്റെ കോവിഡ് സംബന്ധിച്ച അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെയും, ആരോപങ്ങളെയുമൊക്കെ അംഗീകരിക്കാന്‍ ഫൗച്ചി വിസമ്മതിച്ചിരുന്നു. വൈറസ് പ്രകൃതാ ഉത്ഭവിച്ചതാണെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത് എന്നായിരുന്നു ഫൗച്ചി അഭിപ്രായപ്പെട്ടത്. പതിനായിരങ്ങള്‍ മരിക്കുമ്പോൾ പോലും, മാസ്ക് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം അവകാശങ്ങളുടെ ലംഘനമാണെന്ന് കരുതിയവരില്‍നിന്ന് കടുത്ത കുറ്റപ്പെടുത്തലും ആക്ഷേപങ്ങളുമൊക്കെ ഫൗച്ചി കേട്ടിരുന്നു. അതിന്റെ പേരില്‍ ഹൗസ് കമ്മിറ്റിക്കു മുന്‍പാകെ വിചാരണയും നേരിട്ടു. ട്രംപ് ശത്രുക്കളുടെ പട്ടികയില്‍ എണ്ണുന്ന ഫൗച്ചിക്ക് ബൈഡന്‍ ഒടുവില്‍ മുന്‍കൂര്‍ മാപ്പ് അനുവദിക്കുകയായിരുന്നു. ട്രംപ് അധികാരമേറിയാല്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു, പ്രസിസന്റിന്റെ അസാധാരണ അധികാരം ഉപയോഗിച്ച് ബൈഡന്റെ നടപടി. നേരത്തെ, എഫ്ബിഐയും എന്‍ഐസിയുമൊക്കെ കോവിഡ് ഉത്ഭവം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ബ്രീഫ് ചെയ്യാന്‍ ബൈഡന്‍ തയ്യാറായിരുന്നുമില്ല.
ട്രംപിനെയും എഫ്ബിഐ, സിഐഎ റിപ്പോര്‍ട്ടുകളെയും തള്ളുന്നതാണ് ചൈനയുടെ നിലപാട്. യുഎസിന്റെ സിദ്ധാന്തം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചൈനയുടെ മറുവാദം. കൊറോണ വൈറസിന്റെ പുതിയ വകഭേദം മാത്രമാണുണ്ടായത്. അത് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണ് കോവിഡ് മഹാമാരിക്ക് കാരണമായതെന്നാണ് ചൈനയുടെ പക്ഷം. പൊതുവെ ശാസ്ത്രജ്ഞരും, വൈറോളജി ഗവേഷകരും ഏജന്‍സികളുമൊക്കെ പിന്തുണയ്ക്കുന്നതും സമാന വാദമാണ്. ലാബില്‍നിന്ന് വൈറസ് ചോര്‍ന്നുവെന്ന വാദത്തെ പിന്തുണയ്ക്കാന്‍ മതിയായ രേഖകളില്ല എന്നതാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം.