
യുഎസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ മൂന്നാം സംഘം ഇന്ത്യയിലെത്തി. 112 പേരടങ്ങിയ സംഘം അമൃത്സർ വിമാനത്താവളത്തിലാണ് എത്തിയത്. ഹരിയാന സ്വദേശികളാണ് അമൃത്‌സറിലെത്തിയ സംഘത്തിലെ ഭൂരിഭാഗം പേരും. പത്ത് ദിവസത്തിനിടെ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ സംഘമാണ് ഇത്. യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടിയേറ്റക്കാർ എത്തിയത്.
മൂന്നാം സംഘത്തിൽ 31 പേർ പഞ്ചാബിൽ നിന്നും, 44 പേർ ഹരിയാനയിൽ നിന്നും, 33 പേർ ഗുജറാത്തിൽ നിന്നും, രണ്ട് പേർ യുപിയിൽ നിന്നും, ഓരോ ആൾ വീതം ഹിമാചൽ പ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഉള്ളവരാണ്. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇമിഗ്രേഷൻ, വെരിഫിക്കേഷൻ, ബാക്ക്ഗ്രൗണ്ട് ചെക്കുകൾ എന്നിവയുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കും. ഓരോരുത്തരെയും അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അമേരിക്കയിൽ നിന്ന് നാടുകടത്തിയ രണ്ടാം സംഘത്തെയും ഇന്ത്യയിലെത്തിച്ചത് കൈകാലുകൾ ചങ്ങലയ്ക്കിട്ട് ബന്ധിച്ചെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. വിമാനമിറങ്ങിയവരെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.119 പേരാണ് കഴിഞ്ഞ ദിവസം അമൃത്സറിൽ ഇറങ്ങിയത്. ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ സമാനരീതിയിൽ കൊണ്ടുവന്നതും വിവാദമായിരുന്നു. അതേസമയം മോദി-ട്രംപ് ചർച്ച പരാജയമെന്നും വിമർശനം ഉയർന്നു.
ആദ്യ ബാച്ചിലെ 104 പേരെ പാസഞ്ചർ വിമാനത്തിന് പകരം അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സൈനിക വിമാനത്തില്‍ കൊണ്ടുവന്നതിനും, കൈകാലുകള്‍ ചങ്ങലക്കിട്ട് തടവുകാരെ പോലെ കൈകാര്യം ചെയ്തതിലും രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. പാർലമെൻ്റ് പ്രക്ഷുബ്ദമായി. മനുഷ്യത്വ രഹിതമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതോടെ യുഎസ് സർക്കാരുമായി വിഷയം ചർച്ച ചെയ്യുമെന്നും ആശങ്ക രേഖപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രി ജയ്ശങ്കർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്ത്യക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാടുകടത്തുന്നതിലെ ഇന്ത്യയുടെ ആശങ്ക മോദി- ട്രംപ് കൂടിക്കാഴ്ചയിൽ പരാമർശിക്കപ്പെട്ടോ എന്നതുസംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും പുറത്തുവന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് കൈവിലങ്ങ് വിവാദം ആവർത്തിക്കുന്നത്.