ഗർഭഛിദ്ര വിരുദ്ധ നയം ആഗോളമാക്കാന്‍ ട്രംപ്; മെക്സിക്കോ സിറ്റി പോളിസിയും ഹൈഡ് ഭേദഗതിയും പുനഃസ്ഥാപിച്ചു

എട്ട് വർഷം മുമ്പ്, അധികാരത്തിലേറിയ ആദ്യ ട്രംപ് സർക്കാർ ഈ നയം പുനഃസ്ഥാപിക്കുക മാത്രമല്ല, വിപുലീകരിക്കുകയും ചെയ്തിരുന്നു. നേരിട്ട് ഗർഭഛിദ്രത്തെ സഹായിക്കുന്നില്ലെങ്കിലും സഹായിക്കുന്ന സർക്കാരിതര സംഘടനകൾക്ക് ഫണ്ടനുവദിക്കുന്ന സ്ഥാപനങ്ങളുടെയും ഫണ്ടിങ് തടഞ്ഞുവയ്ക്കുകയാണ് അന്ന് ട്രംപ് ചെയ്തത്.
ഗർഭഛിദ്ര വിരുദ്ധ നയം ആഗോളമാക്കാന്‍ ട്രംപ്; മെക്സിക്കോ സിറ്റി പോളിസിയും ഹൈഡ് ഭേദഗതിയും പുനഃസ്ഥാപിച്ചു
Published on

അമേരിക്കയില്‍ ഗർഭഛിദ്ര നിയന്ത്രണം കടുപ്പിക്കാന്‍ ട്രംപ്. ഗർഭഛിദ്രത്തിനുള്ള ധനസഹായം തടയുന്ന ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു. സർക്കാർ സഹായത്തിനുപുറമെ, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ധനസഹായവും ഇല്ലാതാക്കാന്‍ സമ്മർദ്ദം ചെലുത്തുകയാണ് ട്രംപ് ഭരണകൂടം.

കുടുംബാസൂത്രണ പദ്ധതികള്‍ക്കായി അമേരിക്കൻ ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര ഏജന്‍സികള്‍ ഗർഭച്ഛിദ്ര സേവനം നല്‍കുകയോ- പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തേണ്ട നയമാണ് മെക്സിക്കോ സിറ്റി പോളിസി. 40 വർഷങ്ങള്‍ക്ക് മുന്‍പ് 1984-ൽ മുൻ പ്രസിഡൻ്റ് റോണൾഡ് റീഗൻ സ്ഥാപിച്ച നയം, പിന്നീടുള്ള എല്ലാ റിപബ്ലിക്കന്‍ പ്രസിഡന്‍റുമാരും നടപ്പിലാക്കുകയും, ഡെമോക്രാറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തുവന്ന ചരിത്രമാണുള്ളത്.

എട്ട് വർഷം മുമ്പ്, അധികാരത്തിലേറിയ ആദ്യ ട്രംപ് സർക്കാർ ഈ നയം പുനഃസ്ഥാപിക്കുക മാത്രമല്ല, വിപുലീകരിക്കുകയും ചെയ്തിരുന്നു. നേരിട്ട് ഗർഭഛിദ്രത്തെ സഹായിക്കുന്നില്ലെങ്കിലും സഹായിക്കുന്ന സർക്കാരിതര സംഘടനകൾക്ക് ഫണ്ടനുവദിക്കുന്ന സ്ഥാപനങ്ങളുടെയും ഫണ്ടിങ് തടഞ്ഞുവയ്ക്കുകയാണ് അന്ന് ചെയ്തത്. ഗർഭഛിദ്രങ്ങൾക്ക് ഫെഡറല്‍ ഫണ്ട് ഉപയോഗിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താനുള്ള ഹൈഡ് ഭേദഗതിയാണ് രണ്ടാമത്തേത്. ബെെഡന്‍ സർക്കാരിന്‍റെ കാലത്തും പ്രാബല്യത്തിലുണ്ടായിരുന്ന നിയമം, കർശനമായി നടപ്പിലാക്കപ്പെടുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. എക്സിക്യൂട്ടീവ് ഉത്തരവുകളായി ഈ രണ്ട് ഗർഭഛിദ്രവിരുദ്ധ നയങ്ങളാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുനഃസ്ഥാപിച്ചത്.

ഗർഭച്ഛിദ്ര സേവനങ്ങള്‍ക്കായി സ്വന്തം പണം ചെലവഴിക്കുന്നതില്‍ നിന്നുപോലും സംഘടനകളെ തടയുന്ന നീക്കം, ആഗോളതലത്തില്‍ പ്രത്യുത്പാദന ആരോഗ്യ സേവനങ്ങളെ ബാധിക്കുമെന്ന് ഡെമോക്രാറ്റിക് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതര സേവനങ്ങളായ, ജനന നിയന്ത്രണം, മാതൃ-ശിശു ആരോഗ്യം, എച്ച്ഐവി/എയ്ഡ്സ് ചികിത്സ എന്നിവയ്ക്കുള്ള ഫണ്ടിങ് വെട്ടിച്ചുരുക്കാനും- വികസ്വര രാജ്യങ്ങളിലെ പ്രത്യുത്പാദന ആരോഗ്യത്തിന് അന്താരാഷ്ട്ര സംഘടനകള്‍ നല്‍കിവരുന്ന പിന്തുണ ഇല്ലാതാക്കാനും ഈ നയമിടയാക്കുമെന്നാണ് ഗർഭച്ഛിദ്ര അവകാശത്തിനുവേണ്ടി വാദിക്കുന്നവർ ആരോപിക്കുന്നത്.

ഇതിനുപുറമെ, 2020ലെ ആദ്യഭരണകാലത്ത് അമേരിക്കയുടെ അടക്കം സ്പോണ്‍സർഷിപ്പില്‍ ആഗോളതലത്തില്‍ ഗർഭഛിദ്രം പരിമിതപ്പെടുത്തുന്നതിനായി ഒപ്പുവെച്ച ജനീവ പ്രഖ്യാപനത്തില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറയുന്നു. പ്രത്യുത്പാദന അവകാശത്തെ തടയുന്നവർക്കെതിരായ 1994ലെ ഫെയ്‌സ് ആക്റ്റില്‍ അടിയന്തരസാഹചര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന് ഫെഡറല്‍ ജഡ്ജിമാരോട് ട്രംപ് നിർദേശിക്കുന്നു.

ഗർഭഛിദ്ര ക്ലിനിക്കിനു മുന്നില്‍ അക്രമം നടത്തിയവർക്ക് പ്രസിഡന്‍ഷ്യല്‍ മാപ്പ് അനുവദിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനവും വാഷിംഗ്ടണിലെ മാർച്ച് ഫോർ ലെെഫ് റാലിക്കിടെയുണ്ടായി. ഇതിനെല്ലാം പുറമെ, സ്ത്രീകളുടെ പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട് ബെെഡന്‍ സർക്കാരിന്‍റെ കാലത്തുണ്ടായ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളും, റദ്ദാക്കിയിട്ടുണ്ട് ട്രംപ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com