ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി; ഉത്തരവുമായി ഡൊണാൾഡ് ട്രംപ്

മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള അവസരവും ട്രംപ്  നിഷേധിച്ചു
ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി; ഉത്തരവുമായി ഡൊണാൾഡ് ട്രംപ്
Published on

മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. സുരക്ഷാ അനുമതികൾക്കൊപ്പം മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള അവസരവും ട്രംപ്  നിഷേധിച്ചു. 2021 ൽ ബൈഡൻ അധികാരത്തിലിരുന്ന സമയത്ത് ട്രംപിനോട് ഇതേ രീതിയിൽ പെരുമാറിയിരുന്നുവെന്നും, സെൻസിറ്റീവ് ഡാറ്റയുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. ആയതിനാൽ ബൈഡനെ പുറത്താക്കുന്നുവെന്നും, സുരക്ഷാ അനുമതിയും ഇൻ്റലിജൻസ് ബ്രീഫിങ്ങുകൾ ലഭ്യമാകുന്നതിനുള്ള അവസരവും റദ്ദാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റുമാർക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിനുശേഷം ചില ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ തനിക്ക് ഇത് ലഭിക്കുന്നത് ബൈഡൻ വിലക്കിയിരുന്നു. "ട്രംപിൻ്റെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ഇൻ്റലിജൻസ് ബ്രീഫിംഗുകൾ ലഭിക്കുന്നത് തടയും", എന്ന് ബൈഡൻ പറഞ്ഞിരുന്നു. ബൈഡൻ തനിക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് താനും പിന്തുടരുന്നതെന്ന് ട്രംപ് പറഞ്ഞു. ബൈഡന്റെ ഓർമശക്തി മോശമാണെന്ന് പറഞ്ഞ ട്രംപ്" സെൻസിറ്റീവ് വിവരങ്ങളുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ല" എന്നും പറഞ്ഞു. എന്നാൽ ട്രംപിൻ്റെ ഉത്തരവിൽ ബൈഡൻ പ്രതികരിച്ചിട്ടില്ല.

2024 നവംബറിൽ, ഡൊണാൾഡ് ട്രംപ് അന്നത്തെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസിനെ പരാജയപ്പെടുത്തുകയും ശ്രദ്ധേയമായ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ട്രംപ് സ്വീകരിക്കുന്ന ഓരോ നിലപാടും ലോകരാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.

ട്രാൻസ്ജെൻഡറുകൾക്ക് വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കി കൊണ്ട് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു.പുരുഷൻമാർ വനിതകളെ തോൽപ്പിക്കേണ്ടെന്നായിരുന്നു പുതിയ ഉത്തരവ് പ്രഖ്യപിച്ചതിന് ശേഷമുള്ള ട്രംപിൻ്റെ പ്രസ്താവന.വിവാദ ഉത്തരവുകൾക്ക് പേര് കേട്ട ട്രംപ് ഈ ഉത്തരവ് നടപ്പാക്കാനൊരുങ്ങുകയായണ്. പെൺകുട്ടികളുടെ ടീമുകളിൽ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടുത്തുന്ന സ്‌കൂളുകൾക്കുള്ള ഫണ്ട് സർക്കാർ ഏജൻസികൾക്ക് നിഷേധിക്കാമെന്നും ഉത്തരവിൽ പറയുന്നു.

പ്രവർത്തനം നിയമവിരുദ്ധമായ പ്രവർത്തനം ആരോപിച്ച് കൊണ്ട് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു.
കൂടാതെ ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. "ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, ഞങ്ങൾ അതിനായി പരിശ്രമിക്കും. ഞങ്ങൾ അത് സ്വന്തമാക്കും", എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അധികാരത്തിലെത്തിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് നടത്തുന്ന പ്രസ്താവനകളും, പ്രഖ്യാപനങ്ങളും, പ്രസിഡൻ്റ് ഒപ്പുവെച്ച ഉത്തരവുകളും വലിയ ചർച്ചയാവുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com