പുടിനുമായി സംസാരിച്ചു, യുക്രെയ്‌നുമായുള്ള വെടിനിർത്തൽ ചർച്ച ഉടൻ ആരംഭിക്കും: ഡൊണാൾഡ് ട്രംപ്

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായുള്ള സംഭാഷണം വളരെ നന്നായി അവസാനിച്ചെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു
പുടിനുമായി സംസാരിച്ചു, യുക്രെയ്‌നുമായുള്ള വെടിനിർത്തൽ ചർച്ച ഉടൻ ആരംഭിക്കും: ഡൊണാൾഡ് ട്രംപ്
Published on


റഷ്യയും യുക്രെയ്നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂർ നേരം നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായുള്ള സംഭാഷണം വളരെ നന്നായി അവസാനിച്ചെന്നുമായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം.

യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായും യൂറോപ്യന്‍ യൂണിയനുമായും വിഷയം ചർച്ച ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. പുടിനുമായുള്ള ഫോൺ സംഭാഷണത്തിലൂടെ വിഷയത്തിൽ പുരോഗതി കൈവരിച്ചെന്നും ട്രംപ് വ്യക്തമാക്കി. തുർക്കിയിൽ റഷ്യയും യുക്രെയ്നും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിച്ചതിനെ പിന്തുണച്ചതിന് പുടിൻ ട്രംപിനോട് നന്ദി അറിയിച്ചു.


ചർച്ചയിലൂടെ സംഘർഷത്തിന് പരിഹാരം കാണുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലീന ലെവിറ്റ് പ്രതികരിച്ചിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്നും കരോലീന വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ട്രംപ് ആശയവിനിമയം നടത്തും.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉന്നതതലയോഗം നടത്തണമെന്ന് സെലൻസ്കി നിർദേശിച്ചു. യുക്രെയ്ൻ, റഷ്യ, യുഎസ്, ബ്രിട്ടൺ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതലയോഗം ചേരണമെന്നാണ് സെലൻസ്കി ആവശ്യപ്പെട്ടത്. പുടിനുമായുള്ള ഫോൺ സംഭാഷ്ണത്തിന് മുന്നോടിയായും സംഭാഷ്ണത്തിന് ശേഷവും ട്രംപുമായി സംസാരിച്ചെന്നും സെലൻസ്കി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com