ന്യൂ ഓർലിയൻസ് ഭീകരാക്രമണം: പ്രതി ഷംസൂദിൻ്റെ ആക്രമണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ശേഷം

അന്വേഷണം പുരോഗമിക്കുകയാണെന്നും, കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൃത്യമായി അന്വേഷിക്കുമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി
ന്യൂ ഓർലിയൻസ് ഭീകരാക്രമണം: പ്രതി ഷംസൂദിൻ്റെ ആക്രമണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ശേഷം
Published on

ന്യൂ ഓർലിയൻസിൽ ഉണ്ടായ ഭീകരാക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതി സോഷ്യൽമീഡിയയിൽ ആക്രമണ സ്വഭാവമുള്ള വീഡിയോ പങ്കുവച്ചുവെന്ന് കണ്ടെത്തൽ. ഈ വിവരം എഫ്ബിഐ സ്ഥിരീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി. ആൾക്കാരെ കൊല്ലാനുള്ള ആഗ്രഹം പ്രകടമാക്കുന്ന വീഡിയോകളാണ് പ്രതി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. 

അന്വേഷണം പുരോഗമിക്കുകയാണെന്നും, കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൃത്യമായി അന്വേഷിക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. പ്രതിയുടെ പശ്ചാത്തലവും അയാൾ ഏതെങ്കിലും സംഘടനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാസ് വെഗാസിലെ ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടലിന് പുറത്ത് ടെസ്ല സൈബർട്രക്ക് പൊട്ടിത്തെറിച്ചതും, ന്യൂ ഓർലിയാൻസിലെ ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും അന്വേഷണത്തിൻ്റെ ഭാഗമായി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.

"ന്യൂ ഓർലിയൻസ് ലോകത്തിലെ മറ്റേതൊരു സ്ഥലത്തേയും പോലെയല്ല - ആകർഷണീയതയും സന്തോഷവും നിറഞ്ഞ ഒരു നഗരമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ന്യൂ ഓർലിയാൻസിനെ സ്നേഹിക്കുന്നതിന് ചരിത്രവും സംസ്കാരവും എല്ലാറ്റിനുമുപരിയായി, ഇവിടുത്തെ ആളുകളുമാണ്" , ജോ ബൈഡൻ പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണം എന്ന് എഫ്ബിഐ പറഞ്ഞതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്. 42 കാരനായ ഷംസൂദ് ദിൻ ജബ്ബാറാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിന് ശേഷം പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇയാൾ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com