
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാക്കുന്നതിനെ പിന്തുണച്ച് മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും പങ്കാളി മിഷേലും. കമലയെ ഫോണ്‍ വിളിച്ച് ഇരുവരും പിന്തുണ അറിയിക്കുകയായിരുന്നു. ഒരു മിനുറ്റ് നീളുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
"നിങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഞാനും കമലയും അഭിമാനിക്കുന്നു. നിങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനും ഓവല്‍ ഓഫീസില്‍ എത്തിക്കുന്നതിനും ഞങ്ങളെക്കൊണ്ടാകുന്നതൊക്കെ ചെയ്യും", ഒബാമ ഹാരിസിനോട് പറഞ്ഞു.
"നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഇത് ചരിത്രമാകാന്‍ പോകുകയാണ്", മുന്‍ പ്രഥമ വനിത കമലയോട് പറഞ്ഞു. ഇരുവര്‍ക്കും കമലാ ഹാരിസ് നന്ദി അറിയിച്ചു. വീഡിയോ യഥാര്‍ഥമാണെന്നും പുനര്‍നിര്‍മിച്ചതല്ലെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗം അറിയിച്ചു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കമലാ ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ ബൈഡന്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചത് കമലാ ഹാരിസിനെയാണ്. ബൈഡന്‍റെ പിന്‍മാറ്റത്തെ പിന്തുണച്ച ഒബാമ എന്നാല്‍ കമലയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബൈഡനെ ഫണ്ട് സ്വരൂപിക്കുന്നതില്‍ ഒബാമ ഏറെ സഹായിച്ചിരുന്നു. ഒബാമയുടെ പിന്തുണ കമലയേയും സഹായിക്കുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗം വിലയിരുത്തുന്നത്.