
വെനസ്വേലൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് മാസങ്ങൾ പിന്നിടുകയാണ്. നിക്കോളാസ് മഡുറോയുടെ വിജയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക ഒടുവിൽ പ്രതിപക്ഷ സ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറൂതിയയെ പ്രസിഡൻ്റായി അംഗീകരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ഉയർന്നെന്ന് ആരോപണമുണ്ടായിരുന്നു.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം തെക്കൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ജൂലൈ 28ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മഡുറോ മൂന്നാം തവണ അധികാരത്തിൽ വരില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങളും സർവേകളും പ്രവചിച്ചത്. എന്നാൽ 51 ശതമാനം വോട്ട് നേടിയാണ് നിക്കോളാസ് മഡുറോ വീണ്ടും അധികാരത്തിലെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രാജ്യത്തെ സ്ഥിതിഗതികൾ സങ്കീർണമായി.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാണ് പ്രതിപക്ഷ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലെസ് ഉറൂതിയ ആരോപിച്ചത്. ഇതു സംബന്ധിക്കുന്ന തെളിവുകൾ പക്കലുണ്ടെന്നും ഗോൺസാലെസ് പക്ഷം വിശദമാക്കി. തുടർന്ന് അറസ്റ്റ് ഭയന്ന് ഒളിവിലായ ഗോൺസാലസ് സ്പെയിനിൽ രാഷ്ട്രീയ അഭയം തേടി. മഡുറോയുടെ വിജയം അംഗീകരിക്കാതെ അമേരിക്ക, യൂറോപ്യൻ യൂണിയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒടുവിൽ എഡ്മുണ്ടോ ഗോൺസാലെസിനെ പ്രസിഡൻ്റായി അംഗീകരിച്ചത്.