
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ വിമാനം പിടിച്ചെടുത്ത് അമേരിക്ക. 13 മില്യൺ ഡോളർ ( ഏകദേശം 100 കോടി രൂപ) വില വരുന്ന ഡസോൾട്ട് ഫാൽക്കൺ 900EX വിമാനമാണ് അമേരിക്ക പിടിച്ചെടുത്തത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നായിരുന്നു യുഎസ് വിമാനം കണ്ടെടുത്തത്. അമേരിക്കയിൽ നിന്നും നിയമവിരുദ്ധമായി വാങ്ങിയ വിമാനം അനധികൃതമായി പുറത്തേക്ക് കടത്തിയെന്ന് ആരോപിച്ചാണ് നടപടി.
നിക്കോളാസ് മഡൂറോയുടെ ഉപയോഗത്തിനായി, ഒരു കടലാസുകമ്പനി വഴിയാണ് വെനസ്വേല അമേരിക്കയിൽ നിന്ന് വിമാനം വാങ്ങിയതെന്നാണ് രാജ്യത്തിൻ്റെ ആരോപണം. പിടിച്ചെടുക്കുന്ന സമയത്ത് മഡൂറോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. വിമാനം ഫ്ലോറിഡയിലേക്ക് കൊണ്ടുവന്നതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
2023 ഏപ്രിലിൽ അമേരിക്കയിൽ നിന്ന് അനധികൃതമായി വാങ്ങിയ വിമാനം കരീബിയ വഴി വെനസ്വേലയിലേക്കെത്തിച്ചുവെന്ന ആരോപണവും യുഎസ് ഉയർത്തുന്നുണ്ട്. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഎസ് പിന്തുണച്ച സ്ഥാനാർഥിയെ തോൽപ്പിച്ച് വെനസ്വേലയിൽ നിക്കോളാസ് മഡൂറോ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സർക്കാരിനുമേൽ യുഎസ് സമ്മർദ്ദം വർധിപ്പിക്കുന്നത്. വെനസ്വേലൻ സർക്കാർ ഉടമസ്ഥതയിലുള്ള 55 വിമാനങ്ങളെ യുഎസ് ഉപരോധിച്ചിട്ടുണ്ട്.
വിമാനത്തിൻ്റെ വിൽപനയും കയറ്റുമതിയും യുഎസ് ഉപരോധത്തിൻ്റെയും കയറ്റുമതി നിയന്ത്രണങ്ങളുടെയും ലംഘനമാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ മറ്റൊരു രാജ്യത്ത് കടന്നുകയറി വിമാനം തട്ടിയെടുത്ത അമേരിക്കയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം അറിയിച്ച് വെനസ്വേലയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വെനസ്വേലയിൽ തുടങ്ങിയ പ്രതിഷേധങ്ങൾ ഇന്നും തുടരുകയാണ്. നിലവിലെ പ്രസിഡൻ്റും ഇടതുപക്ഷ നേതാവുമായ നിക്കോളാസ് മഡൂറോയുടെ വിജയം വ്യാജമാണെന്നും വോട്ട് ശതമാനത്തിൽ കൃത്രിമത്വം കാണിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പ്രതിപക്ഷനേതാവ് എഡ്മണ്ടോ ഗോൺസാലസിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു.