ട്രംപ് ഫണ്ടുകള്‍ മരവിപ്പിച്ചു; USAID സഹായത്താല്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ട്രാന്‍സ്‌ജന്‍ഡേഴ്സ് ക്ലിനിക്കുകള്‍ അടച്ചുപൂട്ടി

ട്രാൻസ്‌ജൻഡർ സമൂഹത്തിലെ ഏകദേശം 5,000 പേർക്ക് നൽകിവന്നുകൊണ്ടിരുന്ന സേവനമാണ് ഇതോടെ തടസപ്പെട്ടത്
ട്രംപ് ഫണ്ടുകള്‍ മരവിപ്പിച്ചു; USAID സഹായത്താല്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ട്രാന്‍സ്‌ജന്‍ഡേഴ്സ് ക്ലിനിക്കുകള്‍ അടച്ചുപൂട്ടി
Published on

യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്‍റിന്‍റെ (യു‌എസ്‌എ‌ഐ‌ഡി) ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ട്രാൻസ്‌ജൻഡർ സമൂഹത്തിനായുള്ള ആദ്യത്തെ മൂന്ന് മിത്ര് ക്ലിനിക്കുകൾ കഴിഞ്ഞ മാസം അടച്ചുപൂട്ടി. സാമ്പത്തിക അവലോകനം പൂർത്തിയാകും വരെ എല്ലാ വിദേശ സഹായങ്ങളും 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ ഉത്തരവിട്ടതാണ് ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ കാരണം. ട്രാൻസ്‌ജൻഡർ സമൂഹത്തിലെ ഏകദേശം 5,000 പേർക്ക് നൽകിവന്നുകൊണ്ടിരുന്ന സേവനമാണ് ഇതോടെ തടസപ്പെട്ടത്.

യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് ധനസഹായം നൽകുന്ന എല്ലാ പദ്ധതികളും ട്രംപിന്‍റെ 'അമേരിക്ക ഫസ്റ്റ്' നയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനാണ് താൽക്കാലികമായി  നിർത്തിവച്ചിരിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നൽകി വന്നുകൊണ്ടിരുന്ന ഫണ്ടിങ് ട്രംപ് ക്യാബിനറ്റിലെ കാര്യക്ഷമതാ വകുപ്പ് മേധാവിയായ ഇലോൺ മസ്ക് റദ്ദാക്കിയിരുന്നു. 21 മില്ല്യൺ യുഎസ് ഡോളറാണ് യു‌എസ്‌എ‌ഐ‌ഡി ഇന്ത്യക്ക് വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിനായി നൽകിയിരുന്നത്. ട്രംപ് ആ ഫണ്ടിങ്ങിനെ നിശിതമായാണ് വിമർശിച്ചത്.

ട്രംപ്, ഇലോൺ മസ്ക്, റിപ്പബ്ലിക്കൻ‌ സെനറ്റർ റോബർട്ട് കെന്നഡി എന്നിവർ കടുത്ത ട്രാൻസ്ജൻഡർ വിരുദ്ധരാണ്. അതുകൊണ്ട് തന്നെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനായുള്ള ക്ലിനിക്കുകൾക്ക് നൽകുന്ന സാമ്പത്തിക സഹായം തുടരാൻ അവർ അനുവദിക്കണമെന്നില്ല. അമേരിക്കൻ നികുതി പണം കൊണ്ട് ധനസഹായം നൽകിയിരുന്നത് ഇതിനായിരുന്നു എന്നാണ് മിത്ര് ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മസ്ക് എക്‌സിൽ നൽകിയ മറുപടി. 2021ൽ ഹൈദരാബാദിലാണ് ആദ്യ മിത്ര് ക്ലിനിക്ക് ആരംഭിച്ചത്. കല്യാൺ, പൂനെ നഗരങ്ങളിലാണ് മറ്റ് ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com