
പുതിയതായി വാങ്ങിയ സ്കൂട്ടറിന്‍റെ തകരാർ ഷോറൂമുകാർ പരിഹരിച്ച് നൽകാത്തതില്‍ പ്രതിഷേധിച്ച് ഷോറൂമിന് തീയിട്ട് ഉപയോക്താവ്. കർണാടക കൽബുർഗിയിലെ ഒല ഷോറൂമിന് നേരെയാണ് ആക്രമണുണ്ടായത്. തീപിടിത്തത്തിൽ ആറ് വാഹനങ്ങളും ഷോറൂമിലെ കംപ്യൂട്ടറുകളും കത്തി നശിച്ചു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: യുപിയിൽ റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം: ദമ്പതികളും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു
മെക്കാനിക്കായ മുഹമ്മദ് നദീം ഒരു മാസം മുമ്പാണ് 1.4 ലക്ഷം രൂപയ്ക്ക് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. എന്നാൽ, രണ്ട് ദിവസത്തിനുള്ളിൽ വാഹനത്തിൻ്റെ ബാറ്ററിയും ശബ്ദ സംവിധാനവും തകരാറിലായി. സ്കൂട്ടർ നന്നാക്കാൻ പല തവണ ഷോറൂമിൽ ചെന്നെങ്കിലും തകരാർ പരിഹരിച്ച് കിട്ടിയില്ല.
ഇതിന്‍റെ പേരിൽ നദീമും ഷോറൂം കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പെട്രോൾ ഒഴിച്ച് ഷോറൂം കത്തിക്കുകയായിരുന്നു. ഏകദേശം 8.5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുഹമ്മദ് നദീമിനെ അറസ്റ്റ് ചെയ്തു.