
അടിയന്തര പരോൾ ലഭിക്കാനായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേർത്താണ് പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് മനസിലായതോടെ, പൂജപ്പുര പൊലീസ് കേസ് എടുത്തു. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍, ജീവപര്യന്തം കഠിന തടവിലായിരുന്നു സൂരജ്.
2021 ഒക്ടോബർ 13നാണ് സൂരജിന് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന സൂരജ്, പരോളിന് പലതവണ അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതോടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്.
അച്ഛന് ഗുരുതര രോഗമാണെന്ന് കാണിക്കുന്ന സർട്ടിഫിക്കേറ്റും സൂരജ് ഹാജരാക്കി. എന്നാൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെ അടുത്ത് നേരെട്ടെത്തി അന്വേഷിച്ചു. സൂപ്രണ്ടിന് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് താനാണെങ്കിലും, അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടെല്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെ കൃത്രിമത്വം നടന്നെന്ന കാര്യം വ്യക്തമായി.
സംഭവത്തിൽ സൂരജിനെയും അമ്മയേയും ചോദ്യം ചെയ്യും. വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കി നൽകിയത് പുറത്തുനിന്നുള്ള ആരെങ്കിലുമാവാമെന്നാണ് പൊലീസ് നിഗമനം. പരോള്‍ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
2020 മെയ് ആറിന് രാത്രിയാണ് കൊല്ലം അഞ്ചൽ സ്വദേശി ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഉത്ര, ചികിത്സയ്ക്കു ശേഷം അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെ കുടുംബാംഗങ്ങള്‍ക്കു സംശയമുണ്ടാകുകയായിരുന്നു.