
ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ വഴിപാടായി സമർപ്പിച്ച് പൊന്നോണത്തെ വരവേറ്റ് ഭക്തർ. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിയാണ് ആദ്യ വഴിപാട് സമർപ്പിച്ചത്. ഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാടായ ഉത്രാടക്കുല സമർപ്പണത്തിനായി നൂറ് കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിലെത്തിയത്.
സമൃദ്യയുടേയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ പൊന്നോണത്തിന് മുന്നോടിയായി ഇഷ്ട ദേവന് കാഴ്ചക്കുല സമർപ്പണം. ഗുരുവായൂർ അപ്പൻ്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് കഴിച്ചാൽ വർഷം മുഴുവൻ മഹാലക്ഷ്മി വീട്ടിൽ കുടിയിരിക്കും എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തവണയും പതിവ് തെറ്റിക്കാതെ നൂറ് കണക്കിന് ഭക്തരാണ് ഉത്രാടക്കുല സമർപ്പണത്തിനായി ക്ഷേത്രത്തിലെത്തിയത്. ശേഷം ക്ഷേത്രം മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ആദ്യ കാഴ്ച കുല സമർപ്പിച്ചു. കീഴ് ശാന്തിമാരും ദേവസ്വം അധികൃതരും കുല സമർപ്പിച്ച ശേഷമായിരുന്നു ഭക്തർക്ക് അവസരം നൽകിയത് .
ഉത്രാടദിനവും വിശേഷ വഴിപാടും പ്രമാണിച്ച് പുലർച്ചെ മുതൽ തന്നെ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. വിഐപി ദർശനം അടക്കമുള്ള പതിവ് രീതികൾ ഒഴിവാക്കി ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതോടെ എല്ലാവർക്കും വേഗത്തിൽ വഴിപാട് കഴിക്കാനായി. പ്രത്യേകം പരിചരിയിച്ച് വിളയിച്ച ചെങ്ങാലിക്കോടൻ ഇനത്തിൽപ്പെട്ട കുലയാണ് ഭക്തരിലേറെപ്പേരും സമർപ്പിച്ചത്.
വഴിപാടായി ലഭിച്ച നേന്ത്രപ്പഴങ്ങളിൽ ഒരു ഭാഗം ക്ഷേത്രത്തിൽ നാളെ നടക്കുന്ന തിരുവോണ സദ്യയുടെ പഴപ്രഥമനായി മാറ്റിവയ്ക്കും. ബാക്കി വരുന്ന പഴക്കുലകൾ ദേവസ്വത്തിന് കീഴിലുള്ള ആനകൾക്ക് ആഹാരമായാണ് നൽകുന്നത്. തിരുവോണ ദിനത്തിൽ പുലർച്ചെ 4. 30ന് ഭഗവാന് ഓണപ്പുടവ സമർപ്പിക്കും . ഉഷപൂജ വരെ ഭക്തർക്കും പുടവ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.