
സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ജാർഖണ്ഡിലെ ഐഐടി ധൻബാദിൽ സീറ്റ് തിരികെ ലഭിച്ച ദളിത് വിദ്യാർഥിയുടെ മുഴുവൻ ഫീസും ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. കൃത്യസമയത്ത് ഫീസ് അടക്കാത്തതിന് വിദ്യാർഥിയായ അതുൽ കുമാറിന് ഐഐടിയിൽ സീറ്റ് നഷ്ടപ്പെട്ടിരുന്നു. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടൽ. ഫീസ് അടക്കാനായി അതുലിന് സ്കോളർഷിപ്പ് അനുവദിക്കുമെന്ന് ഉത്തർപ്രദേശ് സാമൂഹ്യ വികസന വകുപ്പ് അറിയിച്ചു.
കൃത്യസമയത്ത് ഫീസടക്കാൻ സാധിക്കാഞ്ഞതിനെ തുടർന്നാണ് ദിവസക്കൂലിക്കാരനായ രാജേന്ദ്രകുമാറിൻ്റെ മകൻ അതുൽ കുമാറിന് ഐഐടി ധൻബാദ് പ്രവേശനം നിഷേധിച്ചത്. മുസാഫർനഗർ ജില്ലയിലെ ടിതോഡ ഗ്രാമവാസിയായ അതുൽ ഐഐടി ജെഇഇ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. തുടർന്ന് ഐഐടി ധൻബാദിൽ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിന് സീറ്റും നേടി. ജൂൺ 24നകം ഫീസടക്കണമെന്നായിരുന്നു ഐഐടി ചട്ടം. എന്നാൽ സാമ്പത്തികമായി പിന്നോട്ട് നിന്നിരുന്ന അതുലിന് ഫീസടക്കാൻ സാധിച്ചില്ല.
പിന്നാലെ അവസാനഘട്ട ശ്രമമെന്നോണമാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഇടപെടലിലൂടെ വിഷയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് വിദ്യാർഥിക്ക് പൂർണ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.
സാമൂഹ്യക്ഷേമ മന്ത്രി അസിം അരുൺ വിദ്യാർഥിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിൽ അതുലിൻ്റെ വിദ്യാഭ്യാസത്തിനായുള്ള പൂർണ തുകയും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.