
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബിജെപി സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജിനെ ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രി എ.കെ. ശർമ്മ. നല്ല കാര്യങ്ങൾക്കായാണ് യോഗി സർക്കാർ ബുൾഡോസർ രാജ് കൊണ്ടുവന്നത്. അതിനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. ക്രിമിനൽ കേസിൽ പ്രതിയാകുന്നവരുടെ വീടുകൾ പൊളിക്കുന്നത് എന്തിനെന്ന സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് യുപി മന്ത്രിയുടെ പരസ്യ പ്രതികരണം.
ഉത്തർപ്രദേശ് ഊർജ്ജമന്ത്രിയായ എ.കെ. ശർമ്മ യോഗി ആദിത്യനാഥിന്റെ അടുത്തയാളാണ്. മാഫിയയെ ചെറുക്കാൻ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഗുണ്ടായിസം യുപിയിൽ നിന്ന് തുടച്ചുനീക്കാനാണ് യോഗി വീടുകൾ പൊളിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചതെന്നുമായിരുന്നു മന്ത്രിയുടെ വാദം.
ALSO READ: ബുൾഡോസറുകൾ കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയില്ലെന്ന് യോഗി, ബുൾഡോസർ ചിഹ്നത്തിൽ യോഗി മത്സരിക്കണമെന്ന് അഖിലേഷ്; വാക്‌പോര് മുറുകുന്നു
ക്രിമിനൽ കേസിൽ പ്രതിയാകുന്നവരുടെ വീടുകൾ പൊളിക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് മൂന്ന് ദിവസം മുൻപാണ് സുപ്രീം കോടതി മറ്റൊരു കേസിൽ ചോദിച്ചത്. ഇതിനെ പിന്തുണച്ച് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള നേതാക്കളും രംഗത്തുവന്നിരുന്നു. യുപിയിൽ അടുത്തതായി സമാജ്‌വാദി പാർട്ടിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ യോഗിയുടെ ഗോരക് പുരിലേക്കാണ് ബുൾഡോസർ നീങ്ങുക എന്നും അഖിലേഷ് പറഞ്ഞിരുന്നു.
എന്നാൽ ബുൾഡോസർ ഉപയോഗിക്കാൻ എല്ലാർക്കും സാധിക്കില്ല. അതിന് നല്ല ധൈര്യവും മനോനിയന്ത്രണവും വേണം എന്നായിരുന്നു അതിനോട് യോഗി പ്രതികരിച്ചത്. ഈ വാക് പോരുകൾക്കിടെയാണ് ഇപ്പോൾ ബുൾഡോസർ രാജിനെ ന്യായീകരിച്ച് യുപി മന്ത്രി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.