സിനിമയിലെ കൊക്കയിന്‍ ഗ്ലൂക്കോസ് പൊടിയാണ്, നാട്ടിലുള്ളത് ഒര്‍ജിനലും: മാര്‍ക്കോ നിരോധനം പിന്തുണയ്ക്കില്ലെന്ന് വി എ ശ്രീകുമാര്‍

സിനിമ അടക്കമുള്ള ആര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശമാണ് ഇപ്പോള്‍ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്
സിനിമയിലെ കൊക്കയിന്‍ ഗ്ലൂക്കോസ് പൊടിയാണ്, നാട്ടിലുള്ളത് ഒര്‍ജിനലും: മാര്‍ക്കോ നിരോധനം പിന്തുണയ്ക്കില്ലെന്ന് വി എ ശ്രീകുമാര്‍
Published on



നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് ഒരു കാരണം സിനിമയിലെ വയലന്‍സാണെന്ന തരത്തിലുള്ള ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മാര്‍ക്കോയുടെ ടെലിവിഷന്‍ ഒടിടി പ്രദര്‍ശനം നിരോധിക്കാന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ നടപടി വന്നിട്ടുണ്ട്. ഈ വിഷയത്തിലിപ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. സിനിമ അടക്കമുള്ള ആര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശമാണ് ഇപ്പോള്‍ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. മാര്‍ക്കോ വിലക്കിനെ പിന്തുണയ്ക്കുന്നില്ലെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. 

വി എ ശ്രീകുമാറിന്റെ വാക്കുകള്‍ :

ജീവിതത്തില്‍ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാന്‍ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശമാണ് ഇപ്പോള്‍ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ആര്‍ട്ട്. നന്മയാണ് ആര്‍ട്ടില്‍ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാല്‍ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികള്‍ എങ്ങനെ സ്‌കൂള്‍ കുട്ടികളില്‍ വരെ എത്തുന്നു? ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്? ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകള്‍ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്?

GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല. ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മള്‍ തോല്‍ക്കുന്നത്. നാര്‍ക്കോട്ടിക് ബിസിനസ് അവസാനിക്കാന്‍ ജനജാഗ്രത വേണം. മാര്‍ക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദര്‍ശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലന്‍സിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആര്‍ട്ട് നിരോധിച്ച് കുറ്റം ചാര്‍ത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം. സിനിമയിലെ കൊക്കയിന്‍ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടില്‍ ഉള്ളത് ഒര്‍ജിനലും!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com