അന്വേഷണ സംഘത്തില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥരും; ഇരകള്‍ക്ക് പൊലീസിനെ വിശ്വാസമില്ലാത്തത് ഗുരുതര പ്രശ്‌നം: വി.ഡി. സതീശന്‍

വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്രവാദമാണ് സര്‍ക്കാര്‍ നടത്തുന്നത്
അന്വേഷണ സംഘത്തില്‍ ആരോപണം നേരിട്ട ഉദ്യോഗസ്ഥരും; ഇരകള്‍ക്ക് പൊലീസിനെ വിശ്വാസമില്ലാത്തത് ഗുരുതര പ്രശ്‌നം: വി.ഡി. സതീശന്‍
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുവമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സജി ചെറിയാന്‍ ഗുരുതരമായ സത്യാപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അദ്ദേഹം മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണം. ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടവര്‍ ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യരല്ല. മുകേഷ് രാജിവെച്ച് ഒഴിയുമെന്ന് കരുതുന്നു. കുറ്റകൃത്യങ്ങളുടെ നീണ്ട പരമ്പര നടന്നുവെന്നത് ഉറപ്പാണ്. അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക മാത്രമാണ് ഇനി മുന്നിലുള്ളത്. എന്നാല്‍, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനുള്ള വിചിത്രവാദമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്.

കമ്മിറ്റിക്കു മുന്നില്‍ ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടത്. ഇരകളുടെ മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നില്ല. ഇരകള്‍ വീണ്ടും മൊഴി നല്‍കണമെന്നാണ് പറയുന്നത്. ഇത് അവരെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിനെതിരെയും വി.ഡി സതീശന്‍ രംഗത്തു വന്നു. സ്ത്രീപീഡന കേസ് അന്വേഷിച്ച സമയത്ത് ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരടക്കം അന്വേഷണ സംഘത്തില്‍ ഉണ്ട്. ഈ അന്വേഷണ സംഘത്തെക്കുറിച്ച് പരിശോധിക്കണം. ഇരകള്‍ക്ക് പൊലീസിനെ വിശ്വാസമില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണ്. ഭാരിച്ച ചുമതലയുള്ള പുരുഷ ഐപിഎസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ വെക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ കുറ്റം അടങ്ങിയ ഫയല്‍ നാലരക്കൊല്ലം പൂഴ്ത്തിവെച്ച സര്‍ക്കാരും ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com