
ദുരന്തമുഖത്ത് എയർ ലിഫ്റ്റിങ്ങിന് ചെലവായ തുകയായ 132.62 കോടി തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ പ്രതികരണവുമായി നേതാക്കൾ. സംസ്ഥാനം പണം അടക്കേണ്ടി വരില്ലെന്നും, ഔദ്യോഗിക നടപടിക്രമം മാത്രമാണെന്നുമാണ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണെന്നും അതിൽ യാതൊരു പ്രാധാന്യവും ഇല്ലെന്നും, മുരളീധരൻ പറഞ്ഞു. സിപിഎം അവരുടെ വീഴ്ച മറച്ചു വെക്കാൻ ഇത് വഴി ആക്കുന്നുവെന്നും,അതിനു മാധ്യമങ്ങളെ കൂട്ട്പിടിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കാനാണ് സിപിഎം അടക്കം ശ്രമിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വയനാട് ഹെലികോപ്റ്റർ ഉപയോഗത്തിന് പണം ആവശ്യപ്പെട്ട നടപടി കേരളത്തോട് ഉള്ള അവഹേളനമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരിച്ചത്. ഇത് ശരിയായ രീതി അല്ല, അർഹമായത് തരാതെ പണം അങ്ങോട്ട് ചോദിക്കുന്നത് മര്യാദ അല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. കണക്ക് കൊടുക്കാതെ മറ്റു പല സംസ്ഥാനങ്ങൾക്കും പണം നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
വയനാട് ദുരന്തത്തെ തുടർന്ന് സഹായം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതാവ് വി. എം. സുധീരൻ ഉന്നയിച്ചത്. കേന്ദ്ര സർക്കാർ കാണിക്കുന്നത് തലതിരിഞ്ഞ സമീപനമാണ്. കേന്ദ്രത്തിന്റെ അനീതിഅംഗീകരിക്കാനാവില്ല. പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ദയനീയാവസ്ഥ നേരിട്ട് കണ്ടതാണ്. എന്നിട്ടും വയനാടിനോടും കേരളത്തിനോടും കാണിക്കുന്നത് കടുത്ത അവഗണയാണെന്നും സുധീരൻ പറഞ്ഞു. കേന്ദ്രനിലപാടിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം. സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും, സുധീരൻ ചൂണ്ടിക്കാട്ടി.