
വി-ഗാർഡ് ബിഗ് ഐഡിയ 2024 ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികവുറ്റ യുവ ബിസിനസ്, എഞ്ചിനീയറിങ് പ്രതിഭകളെ കണ്ടെത്താനാണ് വി-ഗാർഡ് ഇൻഡസ്ട്രീസ് ദേശീയ തലത്തിൽ വർഷം തോറും മത്സരം നടത്തുന്നത്. ബിഗ് ഐഡിയയുടെ 14-ാമത് ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മത്സരത്തിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രമുഖ മാനേജ്‌മെൻ്റ്, എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി 1500 ഓളം എൻട്രികളാണ് ലഭിച്ചത്. ബിസിനസ് പ്ലാൻ വിഭാഗത്തിൽ 28 ടീമുകളും, ടെക് ഡിസൈൻ വിഭാഗത്തിൽ 20 ടീമുകളുമാണ് ചുരുക്കപ്പട്ടികയിൽ എത്തിയത്.
മത്സരത്തിൽ പൂനെ സിമ്പയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്നുള്ള സമീർ പിംപരേ, അൻഷുമാൻ ബിസ്വാസ്, പൂജൻ അഗർവാൾ എന്നിവർ ഒന്നാം സ്ഥാനം നേടി. ഐഐഎം വിശാഖപട്ടണം ഒന്നാം റണ്ണർ അപ്പും, മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്‌മെൻ്റ് ആൻ്റ് എഞ്ചിനീയറിംഗ്, മുംബൈ എൻഎംഐഎംഎസ് എന്നിവരെ രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുത്തു. ഐഐഎം ഷില്ലോഗ് (മേഘാലയ), ഐഐഎം ബോധ്‌ഗയ (ബീഹാർ), എന്നീ സ്ഥാപനങ്ങൾ പ്രത്യേക ജൂറി പുരസ്കാരം നേടി.
ALSO READ: റെക്കോർഡ് നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി; ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 കടന്നു!
എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി നടത്തിയ ഈ വർഷത്തെ ബിഗ് ഐഡിയ ടെക് ഡിസൈൻ മത്സരത്തിൽ എംഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നുള്ള ശിവനേഷ് മോരെ, വരദ് പട്ടീൽ എന്നിവർ ഒന്നാം സ്ഥാനം നേടി. ഹരിയാന വേൾഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈൻ, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് എന്നീ കോളേജുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ജയ്പൂരിലെ ദി എൽഎൻഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, തമിഴ്നാട്ടിൽനിന്നുള്ള കെപിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങൾ പ്രത്യേക ജൂറി പുരസ്കാരം നേടി. ബിസിനസ് പ്ലാൻ വിഭാഗത്തിൽ വിന്നിംഗ് ദ ഫ്യൂച്ചർ: ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ടു ഷേപ്പ് ടുമോറോസ് ഹോംസ് വിത്ത് വി-ഗാർഡ് ഹോം അപ്ലയൻസസ് എന്ന വിഷയത്തിലും, ടെക് ഡിസൈൻ വിഭാഗത്തിൽ ഡിസൈനിംഗ് ടുമോറോസ് ഇന്നൊവേറ്റീവ് കിച്ചൺ വിത്ത് വി ഗാർഡ്‌സ് അപ്ലയൻസസ് എന്ന വിഷയത്തിലുമാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചത്.
ബിസിനസ് പ്ലാൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് മൂന്ന് ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് തുക. ടെക് ഡിസൈൻ വിഭാഗത്തിലെ ഒന്നാം സ്ഥാനം നേടിയവർക്ക് ഒന്നര ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 75,000 രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനത്തുക.