
മുകേഷിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾക്ക് ആശങ്കയില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണമെന്നും വി. കെ. സനോജ് പറഞ്ഞു. സർക്കാരിനു മുന്നിൽ എല്ലാവരും തുല്യരാണ്, ആരെയും സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തവർ രക്ഷപ്പെടാൻ പാടില്ലെന്നും സനോജ് കൂട്ടിച്ചേർത്തു.
കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും കേന്ദ്ര ധനകാര്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്നും, സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാകണമെന്നും വി. കെ. സനോജ് വ്യക്തമാക്കി.
ശക്തമായ പ്രതിഷേധത്തിനും ക്യാമ്പയിനും ഡിവൈഎഫ്ഐ തീരുമാനിച്ചു കഴിഞ്ഞു. സെപ്റ്റംബർ 25, 26 തീയതികളിൽ കേരളത്തിൽ നിന്ന് ഒരു ലക്ഷം ഇ മെയിൽ സന്ദേശം പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ മന്ത്രിക്കും അയയ്ക്കും. കേന്ദ്രസർക്കാരാണ് ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും വി.കെ. സനോജ് ചൂണ്ടിക്കാട്ടി.
എന്നാൽ കേന്ദ്ര സർക്കാർ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് ചങ്ങാത്തം സൂക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒക്ടോബർ 5 ന് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ഈ മീറ്റിൽ ചർച്ചയാകുമെന്നും വി.കെ. സനോജ് അറിയിച്ചു. സർക്കാരിൻ്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് കൈകോർക്കും. സെപ്റ്റംബർ 28 29 തീയതികളിൽ ശുചീകരണ യജ്ഞം നടക്കുകയെന്നും സനോജ് പറഞ്ഞു.
കേരളത്തിലെ ട്രെയിൻ യാത്ര ദുരിത യാത്രയായി മാറിയെന്നും വി.കെ.സനോജ് പറഞ്ഞു. വന്ദേഭാരത് സർവീസ് ആരംഭിച്ചാൽ യാത്ര പ്രശ്നം പരിഹരിക്കുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. ഇപ്പോൾ വന്ദേ ഭാരത് സർവീസ് നടത്തുന്നതിനായി ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളമാണ് പിടിച്ചിടുന്നത്. കേരളത്തോട് കേന്ദ്ര സർക്കാർ തീർത്തും അവഗണനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഓടിപ്പഴകിയ ബോഗികളാണ് കേരളത്തിന് നൽകിയത്. ജനങ്ങൾക്ക് അവകാശപ്പെട്ട യാത്രാസൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെന്നും സനോജ് കുറ്റപ്പെടുത്തി.
ALSO READ: വിവാദമൊഴിയാതെ തിരുപ്പതി ലഡു; പ്രസാദത്തിൽ പുകയില കണ്ടെത്തിയെന്ന് ഭക്ത
സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സർക്കാർ കേരളത്തിൽ നൽകാൻ തയ്യാറാവുന്നില്ല. ബിജെപിയുടെ രാഷ്ട്രീയ വിരോധമാണ് ഇതിനു പിന്നില്ലെന്നും സിൽവർ ലൈൻ മുടക്കുന്നതിൽ പ്രതിപക്ഷം ബിജെപിക്കൊപ്പം നിൽക്കുന്നുവെന്നും വി.കെ. സനോജ് കുറ്റപ്പെടുത്തി.