
പി.പി. ദിവ്യക്കെതിരായ നടപടിയിൽ കുടുംബം സംതൃപ്തരാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടി ഉടൻ ഉണ്ടാകും. ദിവ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടുകാരെ സംബന്ധിച്ചിടത്തോളം അവർ സംതൃപ്തരാണ്. ഇടതുപക്ഷവും സർക്കാരും ആ കുടുംബത്തോടൊപ്പമാണ്. മാധ്യമങ്ങൾ വിചാരിക്കുന്നതുപോലെ ചോദ്യം ചെയ്യാൻ കഴിയില്ല. ദിവ്യക്കെതിരെ കേസെടുത്തതിൽ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎം നവീൻ കുമാറിന്‍റെ യാത്രയയപ്പ് യോഗത്തിൽ എത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് എഡിഎം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. നല്ല ആത്മവിശ്വാസം ഉണ്ട്. എൽഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോഴുള്ളത്. അൻവർ ഒന്നും ഞങ്ങളുടെ വോട്ടിനെ സ്വാധീനിക്കുന്ന വിഷയം അല്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.