
മലയാളത്തിലെ പ്രമുഖ നടിക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനായി നടി പണം ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നാണ് മന്ത്രി പറയുന്നത്. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു നടിയുടെ ആവശ്യം.
കലോത്സവ വേദികളിലൂടെ വളർന്നുവന്ന നടി വന്ന വഴി മറക്കരുതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പണത്തോടുള്ള ആർത്തിയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും, സിനിമയിൽ പോയി കുറച്ച് കാശ് കൈയിൽ വന്നപ്പോൾ നടിക്ക് അഹങ്കാരമാണെന്നും മന്ത്രി പറഞ്ഞു. നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം.
വിദ്യാഭ്യാസ വകുപ്പിന് കൊടുക്കാൻ പണം ഇല്ലാഞ്ഞിട്ടല്ല, എന്നാൽ ഇത്രയധികം പ്രതിഫലം കൊടുക്കില്ലെന്ന് തീരുമാനിച്ചത് കൊണ്ടാണ് നടിയുടെ സേവനം വേണ്ടെന്നു വച്ചത്. കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന എത്രയോ ആളുകളുണ്ട്, അവരെ വച്ചു പഠിപ്പിക്കുമെന്നും, വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടിയുടെ നിലപാട് വളരെയധികം വേദനപ്പിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു.