
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വ്യക്തിവൈരാഗ്യത്തോടെ അൻവർ പെരുമാറിയെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അൻവർ ഉന്നയിക്കുന്നത് ശരിയോ തെറ്റോ എന്ന് മനസിലാക്കാതെ മാധ്യമങ്ങൾ ആഘോഷിക്കുന്നു. സത്യം പുറത്തുവരും. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, അൻവർ നിർദേശിച്ച പ്രകാരം നടപടിയെടുക്കാൻ സാധിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
പിണറായി വിജയൻ ഇവിടെ ഒരു പുതിയ ആളല്ല. കേരള രാഷ്ട്രീയത്തിൽ 50 വർഷത്തിലധികം അനുഭവ സമ്പത്തുള്ള വ്യക്തിയാണെന്നത് അൻവർ മനസിലാക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഒരു കേസിലും പിണറായി വിജയനെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഗുണ്ടകളുടെ ഓഫീസ് എന്ന് പറഞ്ഞത് ആര് വിശ്വസിക്കാനാണെന്നും ശിവൻകുട്ടി ചോദിച്ചു. അൻവർ വന്ന് ആരോപണങ്ങൾ ഉന്നയിച്ചാൽ സിപിഎം എന്ന പാർട്ടി ഒലിച്ചു പോകില്ലയെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയിൽ ഉടനീളം പ്രവർത്തിച്ചയാളാണ്. ഓട് പൊളിച്ച് വന്ന് സ്ഥാനാർഥിയായ ആളല്ല റിയാസെന്നും പിണറായി വിജയന്റെ മകളെ കല്യാണം കഴിച്ചത് കൊണ്ട് റിയാസിന്റെ കഴിവുകൾ അംഗീകരിക്കപ്പെടാതിരിക്കരുതെന്നും വി. ശിവൻകുട്ടി പറഞ്ഞു.