സ്കൂളുകളിലെ പോക്സോ കേസ്: "കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും, 77 ജീവനക്കാർക്കെതിരെ നടപടിയെടുത്തു"; മന്ത്രി വി.ശിവൻകുട്ടി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പോക്സോ കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പോക്സോ കേസുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ 77 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി വി. ശിവൻകുട്ടി അറിയിച്ചു. 65 അധ്യാപകർ, 12 അനധ്യാപകർ എന്നിവർക്ക് നേരെയാണ് നടപടി. ഇതുവരെ 10 പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും 45 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇതുവരെ മൂന്ന് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 14 അധ്യാപകരെ സസ്പെൻഡ് ചെയ്തു.എയിഡഡ് മേഖലയിൽ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവർക്കെതിരെ അടിയന്തര നടപടിക്ക് നിർദേശം നൽകിയെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എൻട്രൻസ് കോച്ചിങ്ങുമായി ബന്ധപ്പെട്ടും ശിവൻകുട്ടി പ്രതികരിച്ചു. എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ പ്രവേശനം മാർക്കുള്ളവർക്ക് മാത്രമാണെന്നതാണ് സ്ഥിതി. താങ്ങാൻ കഴിയാത്ത ഫീസും ഈടാക്കുന്നുണ്ട്. അത്തരം ചില പേരു കേട്ട സെൻ്ററുകളുള്ള സ്ഥലം ഒരു ടൗൺഷിപ്പ് പോലെ ആയിട്ടുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രം പഠിക്കാൻ കഴിയുന്ന സാഹചര്യമാണിപ്പോൾ. അമിത ഫീസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്ലസ് ടു ഫല പ്രഖ്യാപനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 77.81% വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ ഫുൾ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 41 പേർക്ക് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചു. ഇന്ന് 3.30 ഓടെ പരീക്ഷാ ഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും.
വിജയശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം. സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് വിഷയത്തിൽ 69.16 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 74.21 ശതമാനവും വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് വിഭാഗത്തിൽ 82.16 ശതമാനം, അൺ എയ്ഡഡ് വിഭാഗത്തിൽ 75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം.