സമ്മേളന തിരക്ക്; സ്കൂള്‍ കായിക മേള ഓവറോൾ ചാംപ്യന്‍മാരെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ വിദ്യാഭ്യാസ മന്ത്രി

കായികമേളയിലെ പോയിൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് വിട്ടുനിൽക്കലിന് പിന്നിലെ കാരണം എന്നാണ് സൂചന
സമ്മേളന തിരക്ക്; സ്കൂള്‍ കായിക മേള ഓവറോൾ ചാംപ്യന്‍മാരെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ വിദ്യാഭ്യാസ മന്ത്രി
Published on

കേരള സ്കൂള്‍ കായിക മേളയില്‍ ഓവറോൾ ചാംപ്യന്മാരായ തിരുവനന്തപുരം ടീമിനെ അനുമോദിക്കുന്ന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം മണക്കാട് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കായികമേളയിലെ പോയിൻ്റിനെ ചൊല്ലിയുള്ള തർക്കമാണ് വിട്ടുനിൽക്കലിന് പിന്നിലെ കാരണം എന്നാണ് സൂചന.

അത്‌ലറ്റിക് വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത് വിവാദമായിരുന്നു. അതേസമയം ചില അസൗകര്യങ്ങൾ മൂലമാണ് മന്ത്രി പങ്കെടുക്കാഞ്ഞത് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. അങ്ങനെ വിട്ടുനിൽക്കുന്ന ഒരാളല്ല മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യപ്രശ്നങ്ങൾ മൂലമോ അല്ലെങ്കിൽ മറ്റു പരിപാടികളോ കാരണമാകാം മന്ത്രി എത്താത്തതെന്ന് മേയർ കൂട്ടിച്ചേർത്തു. പരിപാടിയില്‍ പങ്കെടുക്കാത്തത് സമ്മേളന തിരക്ക് മൂലമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒളിംപിക്സ് മാതൃകയിൽ, പിഴവുകൾ ഇല്ലാതെ മേള സംഘടിപ്പിച്ചുവെന്ന സർക്കാരിന്‍റെയും കായിക വകുപ്പിന്‍റെയും അവകാശവാദങ്ങള്‍ക്ക് സമാപന ചടങ്ങിലെ സംഘർഷം കനത്ത തിരിച്ചടിയായിരുന്നു. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കായിക മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേക പട്ടികയാണ്. ഈ പട്ടിക അനുസരിച്ച് 80 പോയിന്‍റുമായി ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും 44 പോയിന്‍റുമായി നവാമുകുന്ദ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് സ്കൂളുകളുടെ പട്ടികയിൽ 55 പോയിന്‍റോടെ ജി.വി.രാജയായിരുന്നു മുന്നിൽ. പതിവ് രീതി അനുസരിച്ച് രണ്ടാം സ്ഥാനം നവാമുകുന്ദ സ്കൂളിനും മൂന്നാം സ്ഥാനം കോതമംഗലം മാർ ബേസിലിനുമാണ്. എന്നാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം സ്ഥാനം ജി.വി. രാജയ്ക്കായിരുന്നു. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലേക്ക് നാവാമുകുന്ദയും മാർ ബേസിലും പിന്തള്ളപ്പെട്ടു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. പ്രതിഷേധിച്ച നാവാമുകുന്ദ, മാർ ബേസില്‍ സ്കൂളുകളിലെ വിദ്യാർഥികളെ പൊലീസ് ഉപദ്രവിച്ചതായും ആരോപണം ഉയർന്നിരുന്നു.

Also Read: കായിക മേളയുടെ സമാപന ചടങ്ങിലെ സംഘർഷം: അന്വേഷണത്തിന് മൂന്നംഗ സമതിയെ നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ്

സമാപന ദിവസം പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ നടന്ന സംഘർഷങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പൊതു വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.ഐ. മീനാംബിക, ജോയിന്‍റ് സെക്രട്ടറി ബിജു കുമാർ ബി.ടി, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com