ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു; ടാര്‍ഗറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കി; 'വാഴ' വിമര്‍ശനങ്ങളില്‍ സംവിധായകന്‍ ആനന്ദ് മേനന്‍

സിനിമയിലെ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് മോഹനെ കേന്ദ്രീകരിച്ച് ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സിനിമയിലെ അണിയറ പ്രവര്‍ത്തകരും മറ്റ് പ്രേക്ഷകരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി
ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു; ടാര്‍ഗറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കി; 'വാഴ' വിമര്‍ശനങ്ങളില്‍ സംവിധായകന്‍ ആനന്ദ് മേനന്‍
Published on


വാഴ സിനിമയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകന്‍ ആനന്ദ് മേനന്‍ ന്യൂസ് മലയാളത്തോട്. തിയേറ്ററില്‍ വിജയം നേടിയ സിനിമയിലെ ചില രംഗങ്ങളും കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 'വാഴ'യിലെ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് മോഹനെ കേന്ദ്രീകരിച്ച് ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സിനിമയിലെ അണിയറ പ്രവര്‍ത്തകരും മറ്റ് പ്രേക്ഷകരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

തിയേറ്ററില്‍ കൈയ്യടിച്ച് ആഘോഷിക്കപ്പെട്ട സിനിമ ഒടിടിയില്‍ വരുമ്പോള്‍ കീറിമുറിച്ച് പരിശോധിക്കുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. വാഴയ്ക്ക് മാത്രമല്ല, മറ്റ് സിനിമകളെയും ഈ ട്രെന്‍ഡ് ബാധിച്ചിട്ടുണ്ട്. നല്ലതും മോശവുമായ വിമര്‍ശനങ്ങളെ പോസിറ്റീവായാണ് കാണുന്നത്. ഒരാള്‍ വളര്‍ന്നു വരുമ്പോഴാണല്ലോ ചവിട്ടി താഴെയിടാന്‍ ആളുകള്‍ നോക്കാറുള്ളത്. അമിത്തിന് നേരെയുള്ള കഥാപാത്രങ്ങളെ അങ്ങനെ കാണാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആനന്ദ് മേനന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"സിനിമ എടുക്കുമ്പോള്‍ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിച്ചത്. റിലീസ് ആകുമ്പോള്‍ വരുന്ന പോസിറ്റീവ്, നെഗറ്റീവ് കമന്‍റുകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് കിട്ടിയത്. സിനിമയെ മാറ്റി നിര്‍ത്തി, വളര്‍ന്നു വരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ടാര്‍ഗറ്റ് ചെയ്തുള്ള വിമര്‍ശനങ്ങള്‍ വരുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. പക്ഷെ അമിത് അതിനെ പോസിറ്റീവായാണ് എടുത്തത്, ഞങ്ങള്‍ എല്ലാവരുടെയും പിന്തുണ അമിത്തിന് ഉണ്ട്" - ആനന്ദ് മേനന്‍ പറഞ്ഞു.

അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോഴും ടാലന്‍റ് ആയിരുന്നു നോക്കിയിരുന്നത്. അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നോബി തുടങ്ങിയവരുടെ കോമഡി റോളുകള്‍ ആണ് കൂടുതലും പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അവരെ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യണം എന്ന് തോന്നിയിരുന്നു. ആനന്ദ് പറഞ്ഞു.


ട്രോള്‍ ചെയ്യപ്പെടുന്ന ആ സീന്‍ ഒരു യുവാവിന്‍റെ ലൈഫില്‍ പല രീതിയില്‍ സംഭവിച്ചിട്ടുള്ളതാകാം. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ ഒരാള്‍ക്ക് അത് റിലേറ്റ് ചെയ്യാന്‍ സാധിക്കും. അത് റിലേറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അതൊരു ട്രോള്‍ അല്ല. മാത്രമല്ല, വാഴയിലെ മിക്ക കഥാപാത്രങ്ങളെയും സാധാരണ ജീവിതത്തില്‍ റിലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. പിടിഎ മീറ്റിങ്ങിന് സാറിന്‍റെ മുന്നില്‍ അച്ഛനെയും കൂട്ടിപോകുന്നതൊക്കെ മിക്കവരുടെയും ലൈഫില്‍ സംഭവിച്ചുള്ളതാണെന്നും ആനന്ദ് മേനന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com