
കോഴിക്കോട് വടകരയിൽ കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും. ഫോറൻസിക്ക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. വാഹനത്തിലെ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രിയാണ് വടകര കരിമ്പനപാലത്ത് നിർത്തിയിട്ട കാരവനിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചതിനെ തുടർന്ന് ഉറക്കത്തിൽ മരണം സംഭവിച്ചതാക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ചവരുടെ മൂക്കിലും വായിലൂം രക്തത്തിൻ്റെ സാന്നിധ്യം ഉണ്ട്. കാരവൻ്റെ സ്റ്റെപ്പിൽ നിന്നും വാഹനത്തിൻ്റെ ഉൾവശത്ത് നിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഡോറിന് സമീപത്തുണ്ടായിരുന്നയാൾ, ശ്വാസതടസ്സം മൂലം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വീണു പോയതാവാനാണ് സാധ്യത.
രണ്ട് ദിവസമായി വാഹനം പ്രദേശത്ത് നിർത്തിയിട്ട നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാരാണ് വാഹനം പരിശോധിച്ചത്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടേതാണ് കാരവാൻ. മരിച്ച രണ്ട് പേരും കമ്പനി ജീവനക്കാരാണ്.