
വടകരയിലെ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐപിസി 279, 304 (A),338, 201 എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് വകുപ്പുകൾ. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ദൃഷാന മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിലാവുകയും മുത്തശ്ശി കണ്ണൂർ പയ്യന്നൂർ പുത്തലത്ത് ബേബി മരിക്കുകയും ചെയ്തിരുന്നു.
മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പുകൾ പ്രകാരവും പ്രതി ഷെജിലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പുറമേരി സ്വദേശിയായ ഷെജിൽ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നിലവിൽ ജ്യാമ്യം ലഭിച്ച പ്രതി വാഹനവും പാസ്പോർട്ടും തിരിച്ച് കിട്ടുന്നതിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തിയത്. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2024 ഫെബ്രുവരി 17 ന് ദേശീയ പാതയില്‍ വടകര ചോറോട് വെച്ചാണ് അപകടം നടന്നത്. രാത്രി ഒൻപത് മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബേബിയേയും ദൃഷാനയെയും വെള്ളനിറത്തിലുള്ള കാര്‍ ഇടിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.