
ഗുജറാത്തിലെ വഡോദരയിൽ അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിക്കുകയും കാൽനട യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കാറോടിച്ച രക്ഷിതിൻ്റെ വൈദ്യ പരിശോധന ഫലം പുറത്ത്. അപകട സമയത്ത് രക്ഷിത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. രക്ഷിതിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും കഞ്ചാവിൻ്റെ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 13ന് രാത്രി വഡോദരയിലെ കരേലിബാഗിലാണ് അപകടമുണ്ടായത്. നിയമവിദ്യാർത്ഥിയായ രക്ഷിത് ചൌരസ്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. സിഗ്നലുകൾ തെറ്റിച്ച് അമിത വേഗതയിൽ വന്ന കാർ, സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെയും കാൽ നട യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിന് ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ രക്ഷിതും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കാറിൽ നിന്നിറങ്ങിയ രക്ഷിത്, 'മറ്റൊരു റൗണ്ട്' എന്നും "ഓം നമഃ ശിവായ്" എന്നും ആവർത്തിച്ച് പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അമ്രപാലി കോംപ്ലക്സിന് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ കാറിൻ്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു. രക്ഷിത് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് ആദ്യം കരുതി. എന്നാൽ രക്ഷിതിൻ്റെ രക്ത പരിശോധനയിൽ അയാൾ മദ്യപിച്ചിട്ടില്ലെന്നാണ് തെളിഞ്ഞത്. തുടർന്ന് രക്തസാമ്പിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിലാണ് രക്ഷിത് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുകളും കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.