"അതിയായ സന്തോഷം"; വണ്ടർ പ്രകടനത്തിൻ്റെ സീക്രട്ട് വെളിപ്പെടുത്തി വൈഭവ് സൂര്യവൻഷി

കുറേ ദിവസമായി കഠിനമായ പരിശ്രമങ്ങളിലായിരുന്നു. അതിനുള്ള റിസൾട്ടാണ് ഇന്ന് ലഭിച്ചതെന്ന് വൈഭവ് മത്സരശേഷം സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞു.
"അതിയായ സന്തോഷം"; വണ്ടർ പ്രകടനത്തിൻ്റെ സീക്രട്ട് വെളിപ്പെടുത്തി വൈഭവ് സൂര്യവൻഷി
Published on


ഐപിഎല്ലിലെ മൂന്നാം ഇന്നിംഗ്‌സിൽ ആദ്യ സെഞ്ച്വറി നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജസ്ഥാൻ റോയൽസിൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. നാലഞ്ച് മാസമായി ഐപിഎല്ലിനായി ഒരുക്കത്തിലായിരുന്നു. കുറേ ദിവസമായി കഠിനമായ പരിശ്രമങ്ങളിലായിരുന്നു. അതിനുള്ള റിസൾട്ടാണ് ഇന്ന് ലഭിച്ചതെന്നും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട വൈഭവ് മത്സരശേഷം സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞു.



"ഇത് വളരെ നല്ല ഒരു അനുഭവമാണ്. ടൂർണമെന്റിന് മുമ്പുള്ള പരിശീലനത്തിൻ്റെ ഫലം ഇവിടെ പ്രകടമായി. ഞാൻ പന്ത് നോക്കുകയും കളിക്കുകയുമാണ് ചെയ്യുന്നത്. അനാവശ്യമായി ടെൻഷനടിക്കാറില്ല. രാജസ്ഥാൻ ഓപ്പണറും സീനിയറുമായ യശസ്വി ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് മികച്ച അനുഭവമായിരുന്നു. ക്രീസിൽ എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പറയാറുണ്ട്. പോസിറ്റീവായാണ് സംസാരിക്കാറുള്ളത്," വൈഭവ് പറഞ്ഞു.



"ഐപിഎല്ലിൽ 100 ​​റൺസ് നേടുക എന്നത് ഒരു സ്വപ്നമായിരുന്നു. ഇന്ന് അത് യാഥാർത്ഥ്യമായി. തുടർന്നും ഐപിഎൽ കളിക്കുന്നതിൽ ഭയമില്ല. ഞാൻ അധികം ചിന്തിക്കുന്നില്ല, കളിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," വൈഭവ് പറഞ്ഞു.

അതേസമയം, വൈഭവിനെ പ്രശംസിച്ച് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും പോസ്റ്റിട്ടിട്ടുണ്ട്. "വൈഭവിന്റെ നിർഭയമായ സമീപനം, ബാറ്റിംഗ് വേഗത, തുടക്കത്തിൽ തന്നെ ലെങ്ത് തിരഞ്ഞെടുക്കൽ, പന്തിന് പിന്നിൽ ഊർജ്ജം കൈമാറ്റം ചെയ്യൽ എന്നിവയാണ് അതിശയകരമായ ഇന്നിംഗ്സിന് പിന്നിലെ പാചകക്കുറിപ്പ്. അന്തിമഫലം: 38 പന്തിൽ നിന്ന് 101 റൺസ്. നന്നായി കളിച്ചു!!," സച്ചിൻ എക്സിൽ കുറിച്ചു.

കുട്ടിത്താരത്തിൻ്റെ അവിശ്വസനീയമായ ബാറ്റിങ് പ്രകടനത്തോടെ നിരവധി ഐപിഎൽ റെക്കോർഡുകളാണ് സവായ് മാൻസിങ് സ്റ്റേഡിയത്തിൽ തകർന്നുവീണത്. 14 വർഷവും 32 ദിവസവും പ്രായമുള്ള വൈഭവ്, ഐപിഎല്ലിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട കുട്ടിപ്പൊട്ടാസ് 35 പന്തിൽ നിന്ന് സെഞ്ച്വറിയും പൂർത്തിയാക്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്.



യൂസഫ് പത്താനെ മറികടന്ന് (37 പന്തിൽ നിന്ന് 100) ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും വൈഭവ് സൂര്യവൻഷി സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയാണിത്. 30 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ക്രിസ് ഗെയ്ൽ മാത്രമാണ് വൈഭവിന് മുന്നിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com