"ഇന്ത്യന്‍ ഭക്ഷണം പാകം ചെയ്യാനാണ് വാന്‍സിന് ഇഷ്ടം"; റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ പങ്കാളി ഉഷ ചിലുകുരി

മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ വംശജയായ ഉഷ തന്‍റെ പങ്കാളിയെപ്പറ്റി സംസാരിച്ചത്
ഉഷ ചിലുകുരി, ജെ.ഡി വാന്‍സ്
ഉഷ ചിലുകുരി, ജെ.ഡി വാന്‍സ്
Published on

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജെ.ഡി വാന്‍സിന്‍റെ ഇന്ത്യന്‍ വിഭവങ്ങളുണ്ടാക്കാനുള്ള വൈദഗ്ധ്യത്തെപ്പറ്റി വാചാലയായി ഭാര്യ ഉഷ ചിലുകുരി. മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ വംശജയായ ഉഷ തന്‍റെ പങ്കാളിയെപ്പറ്റി സംസാരിച്ചത്.

'മാംസവും ഉരുളക്കിഴങ്ങും ഇഷ്ടപ്പെടുന്ന ആളെന്ന്' വിശേഷിപ്പിച്ചു കൊണ്ടാണ് വാന്‍സിന്‍റെ പാചക താല്‍പര്യങ്ങള്‍ ഉഷ അവതരിപ്പിച്ചത്. മാംസവും ഉരുളക്കിഴങ്ങും ഇഷ്ടമാണെങ്കിലും ഭാര്യയുടെ സസ്യാഹാര രീതിയോട് വാൻസ് പൊരുത്തപ്പെട്ടിരുന്നു. തൻ്റെ  അമ്മയിൽ നിന്നുമാണ് ഇന്ത്യൻ ഭക്ഷണം  പാചകം ചെയ്യാൻ വാൻസ് പഠിച്ചതെന്ന്  ഉഷ പറഞ്ഞു.

"സുഹൃത്തുക്കളായാണ് ഞങ്ങള്‍ ആരംഭിച്ചത്. അന്നും ഇന്നും ഞാന്‍ കണ്ട ഏറ്റവും രസകരമായ മനുഷ്യനാണ് വാന്‍സ്. ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ച വാന്‍സ് കുട്ടിക്കാലത്തെ മാനസിക ആഘാതങ്ങള്‍ മറികടന്ന് യേല്‍ ലോ സ്കൂളില്‍ വരെയെത്തി. ഒഴിവു സമയങ്ങളില്‍ പട്ടിക്കുട്ടികളുമായി കളിക്കുന്ന, 'ബേബ്' സിനിമ കാണുന്ന വാന്‍സ് ഇറാഖില്‍ സേവനം നടത്തിയിരുന്ന സൈനികനായിരുന്നു", ഉഷ പറഞ്ഞു.  യേല്‍ ലോ സ്‌കൂളില്‍ വെച്ചാണ് ജെഡി വാന്‍സും ഉഷ ചിലുകുരിയും കണ്ടുമുട്ടിയത്. 'തങ്ങളുടെ ബന്ധം ഈ മഹത്തായ രാജ്യത്തിനുളള സാക്ഷ്യമാണെന്നാണ്' കണ്‍വെന്‍ഷനില്‍ ഉഷ പറഞ്ഞത്.

ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഭാര്യാ പിതാവിന്‍റെ ഹൈന്ദവ വിശ്വാസവും തന്‍റെ കത്തോലിക്ക വിശ്വാസവും എങ്ങനെയാണ് ഒത്തുപോകുന്നതെന്നും വെല്ലുവിളികളെ തരണം ചെയ്യാന്‍ അവയെങ്ങനെയാണ് സഹയിച്ചതെന്നും വാന്‍സ് വെളിപ്പെടുത്തിയിരുന്നു. ശക്തമായ സ്ത്രീ ശബ്ദം എന്നാണ് 2020ല്‍ ദി മേഗന്‍ കെല്ലി ഷോയില്‍ വാന്‍സ് തന്‍റെ പങ്കാളിയെപ്പറ്റി പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com