
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ യുവതിയെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ അക്രമി എത്തിയെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെടിയുതിര്‍ത്ത ശേഷം തിരികെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.
എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിയ്ക്കാണ് മുഖംമൂടി ധരച്ചെത്തിയ സ്ത്രീയില്‍ നിന്ന് വെടിയേറ്റത്. ഷിനിയ്ക്ക് വലതു കൈക്കാണ് പരുക്കേറ്റത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുന്താന്നി പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാര്‍സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി സാധനം കൈമാറിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയായ സ്ത്രീയെത്തിയത് സില്‍വര്‍ നിറമുള്ള കാറിലാണെന്നാണ് കണ്ടെത്തല്‍. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തല മറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അക്രമിയായ യുവതി ഷിനിയെ ചോദിച്ചാണ് വന്നതെന്നും അവള്‍ തന്നെ കൊറിയര്‍ പേപ്പറില്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു. 'അക്രമി രാവിലെ എട്ടരയോടെയാണ് വന്ന് ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയര്‍ പേപ്പറില്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചു. പേന ഇല്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അകത്ത് പോയി പേന എടുത്ത് വരുന്നതിന് ഇടക്കാണ് പാര്‍സലുമായി വന്ന യുവതി വെടിയുതിര്‍ത്തത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിര്‍ത്തു. വന്നത് സ്ത്രീ തന്നെയാണ്, ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയില്‍ തോന്നിയത്,' ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.