
ആലപ്പുഴയിൽ ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ പരിശോധനകൾക്ക് പണം ഈടാക്കി വണ്ടാനം മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസമാണ് വിവിധ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് പണം ഈടാക്കിയത്. എന്നാൽ കുട്ടിയുടെ ചികിത്സ സൗജന്യമാണെന്നും പണം വാങ്ങിയത് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ്-സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ജനിച്ചത്. ലാബിലെ സ്കാനിങിൽ നിന്നുണ്ടായ ഗുരുതര പിഴവാണ് ഇതിന് കാരണമെന്ന് തെളിഞ്ഞതോടെ, വിഷയം വലിയ വിവാദമായിരുന്നു. ഗർഭകാല ചികിത്സാ പിഴവ് മൂലം ഗുരുതര ശാരീരിക വ്യതിയാനങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ തുടർ ചികിത്സ സൗജന്യമാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം രൂപയാണ് വിവിധ പരിശോധനകൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി രക്ഷിതാക്കളിൽ നിന്ന് ഈടാക്കിയത്.
ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുട്ടിക്ക് സൗജന്യ ചികിത്സ നൽകുമെന്ന് മുൻപേ പറഞ്ഞതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അവർക്കു വേണ്ട എല്ലാ സംരക്ഷണവും സർക്കാർ തുടരും. മെഡിക്കൽ കോളേജിൽ നിന്ന് പണം ഈടാക്കി എന്ന വാർത്ത ശ്രദ്ധിച്ചിരുന്നെന്നും, പരിശോധിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നേരിട്ടെത്തി അന്വേഷണം നടത്തിയിട്ടും ഇപ്പോഴും കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആരോപണം നേരിടുന്ന മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ സ്കാനിങ് മെഷിൻ സീൽ ചെയ്തെങ്കിലും ആരോഗ്യവകുപ്പിലെ ഒരു ജീവനക്കാർക്കെതിരെയും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെങ്കിൽ കടപ്പുറം ആശുപത്രിക്ക് മുൻപിൽ കുഞ്ഞുമായി സമരത്തിന് തയ്യാറെടുക്കുകയാണ് കുടുംബം.