കളർകോട് വാഹനാപകടം: ആൽവിൻ ജോർജിന്റെ പൊതുദർശനം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ

കളർകോട് വാഹനാപകടം: ആൽവിൻ ജോർജിന്റെ പൊതുദർശനം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ

ആൽവിൻ ജോർജ് കൂടി വിടവാങ്ങിയതോടെ കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി
Published on


ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. വണ്ടാനം മെഡിക്കൽ കോളേജിൽ രാവിലെ പൊതുദർശനം നടത്തിയതിന് ശേഷമാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക. വിദേശത്ത് നിന്ന് ബന്ധുക്കൾ വരാനുള്ളതിനാൽ പൊതുദർശനത്തിനു ശേഷം ആൽവിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാര ചടങ്ങുകൾ പിന്നീട് ആകും നടക്കുക.

ആൽവിൻ ജോർജ് കൂടി വിടവാങ്ങിയതോടെ കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ആൽവിന്റെ മരണം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ആൽവിനെ വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ചികിത്സയിലുള്ള മറ്റ് വിദ്യാർഥികളുടെ നില തൃപ്തികരമാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ വാഹനാപകടം നടന്നത്. 19 വയസ് മാത്രം പ്രായമുള്ള അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

News Malayalam 24x7
newsmalayalam.com