SPOT LIGHT | വിവാദമൊഴിയാതെ വന്ദേമാതരം, മുഴുവൻ പാടണോ ?

വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.
SPOTLIGHT
Published on
Updated on

സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. എന്നാൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ അറിയിച്ചതോടെ സർക്കാർ വീണ്ടും വെട്ടിലായി.

കഴിഞ്ഞ ഫെബ്രുവരി 28നാണ് കേന്ദ്ര സർക്കാർ വന്ദേമാതരം നിർബന്ധമാക്കിയ ഉത്തരവ് ഇറക്കിയത്. പിന്നീട് നിയമനടപടികളിൽ കുരുങ്ങിയെങ്കിലും ജൂലൈയിൽ വന്ദേ മാതരം ആലാപനം തടസപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാക്കി കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും വന്ദേമാതരം നിർബന്ധമാക്കുന്ന കർശന നടപടികളിലാണ് കേന്ദ്രസർക്കാർ. ഇതിനിടെയാണ് കേരളത്തിൽ ഉയരുന്ന വ​ന്ദേമാതരം വിവാദം. ഈ പശ്ചാത്തലമാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. വന്ദേമാതരം മുഴുവൻ പാടണോ ​?

വന്ദേമാതരം മുഴുവൻ പാടണോ​?

കേരളത്തിൽ വന്ദേ മാതരം മുഴുവനായി ആലപിക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉയർത്തുന്ന ചോദ്യം. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കി​ല്ലെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. ഗവർണറുടെ നിർദേശപ്രകാരമാണ് വന്ദേമാതരം പാടണമെന്ന ഉത്തരവിറക്കിയത് എന്ന മന്ത്രി എൻ. ഷംസുദ്ദീൻ്റെ നിലപാടിനെ ലോക്ഭവൻ തള്ളിയതോടെ യഥാർഥത്തിൽ വിഷയത്തിൽ സർക്കാർ ​വെട്ടിലായിരിക്കുകയാണ്.

SPOTLIGHT
മണിമ്യൂളുകളുടെ കെണിയിൽ കേരളം

അതിനിടെ ഓഗസ്റ്റ് നാലിന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ലെന്ന ​തെളിവുകൾ പുറത്തുവന്നു. സംസ്ഥാന തലം തൊട്ട് തദ്ദേശസ്ഥാപനങ്ങൾ വരെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കേണ്ട വിധം വിശദീകരിച്ച് പൊതുഭരണ പ്രോട്ടോകോൾ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചത് ഓഗസ്റ്റ് നാലിനാണ്. 9 മണിക്ക് പതാക ഉയർത്തലും ദേശീയ ഗാനാലാപനവും വിവിധ സേനകളുടെ പരേഡും സംഘടിപ്പിക്കാനാണ് ഉത്തരവിൽ പറയുന്നത്. വന്ദേമാതരത്തെക്കുറിച്ച് എവിടെയും ഒരു പരാമർശവുമില്ല. ഇതിന് പിന്നാലെ ഓഗസ്റ്റ് ആറിന് ചീഫ് സെക്രട്ടറി നൽകിയ കത്തിലാണ് വന്ദേമാതരം നിർബന്ധമായും ആലപിക്കാൻ നിർദ്ദേശിക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ മാർഗ നിർദ്ദേശം നിലവിൽ ഉണ്ടായിട്ടും അത് മറികടന്നാണ് നയപരമായി സ്വീകരിക്കേണ്ട വിഷയത്തിൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കുമോ എന്നതിൽ ഇന്നും സർക്കാർതലത്തിൽ വ്യക്തതയില്ല. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം തദ്ദേശ തലത്തിൽ പാലിക്കണോയെന്ന കാര്യത്തിൽ ഇന്നും മന്ത്രിമാരാരും വ്യക്തത വരുത്തിയിട്ടുമില്ല. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിൻ്റെ തെളിവാണ് വ്യത്യസ്ത പ്രതികരണങ്ങളെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തി.

നിർബന്ധമാക്കിയത് ജനുവരി 28ന്

രാജ്യത്ത് ജനഗണമന ആലപിക്കുന്നതിന് മുൻപായി വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന് വന്ദേ മാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 28നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ച് മാർഗ നിർദേശവുംകേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും വന്ദേമാതരത്തിൻ്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്നായിരുന്നു നിർദേശം. ഈ സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിലുണ്ട്. സ്‌കൂൾ അസംബ്ലികളിലും, വന്ദേമാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും വന്ദേ മാതരം ആലപിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

ആ നാൾ വരെ വന്ദേമാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ ആഗമനത്തിന് മുൻപും ശേഷവും, പ്രസിഡൻ്റ് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടു മുമ്പും ശേഷവും വന്ദേമാതരം ആലപിക്കുമെന്നായിരുന്നു നിർദേശം. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഇത് പാലിക്കണമെന്നും നിർദേശിച്ചിരുന്നു.

SPOTLIGHT
AI യുഗം ചരിത്രത്തിന് ഒരു ഭീഷണി മാത്രമല്ല, വെല്ലുവിളി കൂടിയാണ്

നിർബന്ധമാക്കുന്നതിന് എതിരെ സുപ്രീം കോടതി

ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണെന്നും മാതൃരാജ്യത്തെ ഹിന്ദു ദേവതയായി പരാമർശിക്കുന്ന ദേശീയ ഗീതം ആലപിക്കാൻ താല്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കരുതെന്ന് പിന്നീട് ഫെബ്രുവരി 28 ലെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർദേശിച്ചു. വന്ദേമാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപിക്കുന്നമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമർപ്പിക്കപ്പെട്ട ഹർജിയിലായിരുന്നു കോടതി നിർദേശം. ദേശസ്നേഹം ആരിലും അടിച്ചേല്പിക്കാനാകില്ലെന്നും ഓരോ വ്യക്തിയുടെയും മനസ്സാക്ഷിയും ഭരണഘടന സംരക്ഷിക്കും. ദേശീയ ഗീതം ആലപിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്നതിനാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നില്ല. ദേശീയ ഗീതം ആലപിക്കാൻ നിർബന്ധിതരാകുമ്പോൾ നിങ്ങൾക്ക് കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.

ദേശീയ ഗീതവും പുതിയ നിയമഭേദഗതിയും

ഇതിനിടെ 2026 ജൂലൈയിൽ ഇന്ത്യയിൽ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഓണർ ആക്ട് ഭേദഗതി കൊണ്ടുവന്ന് വന്ദേ മാതരം ആലാപനം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാക്കി. മുമ്പ് ദേശീയ ഗാനമായ ജനഗണമനയെയും ദേശീയ പതാകയെയും ഭരണഘടനയെയും അപമാനിക്കുന്നത് മാത്രമായിരുന്നു തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നത്. ഇതോടെ വന്ദേമാതരം പാടുന്നത് തടസ്സപ്പെടുത്തുന്നതും അതിനെതിരായ ഏതൊരു നീക്കവും മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി. അതായത് മന്ത്രിസഭാ തീരുമാനമായി മാത്രം നിന്നിരുന്ന വിഷയം ഇപ്പോൾ പാർലമെന്റ് കടന്ന് നിയമമായി മാറിക്കഴിഞ്ഞു.

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരത്തിലെ മുഴുവൻ ഖണ്ഡികകളും നിർബന്ധമായും പാടണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് പുറത്തിറക്കിയിരുന്ന മാർഗരേഖകൾക്ക് പുതിയ നിയമഭേദഗതിയിലൂടെ നിയമപരിരക്ഷ കിട്ടിക്കഴിഞ്ഞു എന്ന അവകാശവാദവും ഇതോടൊപ്പം ഉയർന്നിരുന്നു. ഭേദഗതി ചെയ്യപ്പെട്ട നിയമപ്രകാരം, വന്ദേമാതരം പാടുമ്പോൾ അതിനെ ആരെങ്കിലും തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ മാത്രമേ യഥാർഥത്തിൽ നിയമപ്രശ്നം രൂപപ്പെടുന്നുള്ളൂ. നേരെ മറിച്ച്, ആ ഗാനം ആദ്യമേ തന്നെ പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും? അവിടെ അപമാനിക്കൽ എന്ന കുറ്റകൃത്യം നടക്കു​മോ ​? അക്കാര്യം നിയമത്തിന്റെ പരിധിയിൽ വരുമോ ​? എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഏതായാലും ഈ നിയഭേദഗതിക്ക് ശേഷമാണ് വന്ദേമാതരം ആലപിക്കുന്നതില്‍ നേരത്തെ നൽകിയ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണം എന്ന് ജൂലൈ ഒമ്പതിന് സംസ്ഥാനങ്ങ​ളോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിർദേശിച്ചത്.

പ്രതിരോധിക്കാൻ കേരള സർക്കാരിന് സാധിക്കുമോ​?

വന്ദേമാതരം അതേ രീതിയില്‍ ചൊല്ലരുതെന്ന് തീരുമാനിച്ചത് 1937ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയാണ്. ആദ്യത്തെ ഈരടികള്‍ ചൊല്ലുന്നത് തെറ്റില്ല. അങ്ങനെ ചൊല്ലിയാല്‍ മതിയെന്ന നയം പ്രഖ്യാപിച്ചത്, ഡോ. രാജേന്ദ്രപ്രസാദാണ്. നെഹ്‌റുവിന്റെ നയമായിരുന്നു അത്. ഇന്ത്യയുടെ ബഹുസ്വരതയെ തകർത്ത്, തങ്ങളുടെ സാംസ്‌കാരിക ഫാസിസവും തീവ്ര ഹിന്ദുത്വ അജൻഡയും സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കമായാണ് ഇപ്പോൾ നടക്കുന്ന വന്ദേ മാതരം അടിച്ചേൽപിക്കുന്ന നടപടിയെ വിലയിരുത്തേണ്ടത്. നിയമപരമായി വന്ദേമാതരം പാടുന്നത് ഭരണഘടനാപരമായി നിർബന്ധമുള്ള കാര്യമല്ല എന്ന മുൻകാല കോടതി ഉത്തരവുകൾ നിലനിൽക്കുന്നുമുണ്ട്. എന്നാൽ മദ്രസകളിൽ ദേശീയ ഗീതം മുഴുവനായി ആലപിച്ചാൽ "ആകാശം ഇടിഞ്ഞു വീഴില്ലെന്ന" ഈയടുത്ത കാലത്തെ കൽക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വന്ദേമാതരം നിർബന്ധമായും പാടണം എന്നത് കേന്ദ്രത്തിന്റെ അജണ്ടയാണെങ്കിലും സംസ്ഥാന സർക്കാരിന് തങ്ങളുടെ സ്വന്തം പരിപാടികളിൽനിന്ന് ഇതിനെ പൂർണമായും ഒഴിവാക്കാവുന്നതേയുള്ളൂ എന്ന നിരീക്ഷണം നിയമവിദഗ്ധരിൽ നിന്ന് ഉയരുന്നു. ഇതിനുള്ള ഏറ്റവും സുരക്ഷിതമായ ഒരു നിയമ പരിഹാരം കേരളത്തിന് സ്വന്തമായി ഒരു സംസ്ഥാന ഗാനം ഉണ്ടാക്കുക എന്നതാണ്. കേരളത്തിൽ വന്ദേമാതരത്തിൻ്റെ പേരിൽ ഉയരുന്ന വിവാദങ്ങൾക്കപ്പുറം, കേന്ദ്രത്തിൻ്റെ അപകടകരമായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ കേരള സർക്കാരിന് സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്....

News Malayalam 24x7
newsmalayalam.com