
തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നാളെ സ്പെഷ്യൽ സർവീസുമായി വന്ദേഭാരത്. കൊച്ചുവേളി മുതൽ മംഗളൂരു വരെയാണ് സ്പെഷ്യൽ സർവീസ്. നാളെ രാവിലെ കൊച്ചുവേളിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ രാത്രി 10 മണിയോടെ മംഗളൂരുവിൽ എത്തും. രാവിലെ 10:45 ന് കൊച്ചുവേളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. 11 മണിക്കൂറും 15 മിനിറ്റും കൊണ്ടാണ് വന്ദേഭാരത് കൊച്ചുവേളിയില്‍ നിന്നും മംഗളൂരുവില്‍ എത്തിച്ചേരുക.
എട്ട് കോച്ചുകളുള്ള ട്രെയിനാണ് സ്പെഷ്യൽ സർവീസ് നടത്തുക. കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട് മെയിൻ, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് എ സി ചെയര്‍ കാറിന് 1470 രൂപയും, എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2970 രൂപയും ആണ് ടിക്കറ്റ് നിരക്ക്.