സ്ത്രീകള്‍ പൗരോഹത്യ പദവികളില്‍ എത്തുന്നതില്‍ എതിർപ്പില്ല, കൂടുതല്‍ ചർച്ചകള്‍ ആവശ്യമെന്ന് കത്തോലിക്കാ സഭ

110 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും കർദിനാള്‍മാരും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്
സ്ത്രീകള്‍ പൗരോഹത്യ പദവികളില്‍ എത്തുന്നതില്‍ എതിർപ്പില്ല, കൂടുതല്‍ ചർച്ചകള്‍ ആവശ്യമെന്ന് കത്തോലിക്കാ സഭ
Published on

കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹത്യ പദവികള്‍ അനുവദിക്കാനുള്ള സിനഡ് ചർച്ചയില്‍ ഭിന്നാഭിപ്രായം. സിനഡ് സമ്മേളത്തില്‍ വോട്ടെടുപ്പിന് വെച്ച വിഷയത്തില്‍ വന്‍ എതിർപ്പാണ് ഉയർന്നത്. എന്നാല്‍ സ്ത്രീകള്‍‌ നേതൃപദവികളിലെത്തുന്നതില്‍ എതിർപ്പോ തടസമോ ഇല്ലെന്ന് അവകാശപ്പെടുന്ന രേഖയാണ് സിനഡ് പുറത്തുവിട്ടത്. അതേസമയം, സ്ത്രീകളെ ഡീക്കൻമാരായി നിയമിക്കാമോ എന്ന ചോദ്യത്തിന്, സാധ്യത 'തുറന്നിരിക്കുന്നു' എന്നും കൂടുതൽ ചർച്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സഭയുടെ നയം.

110 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും കർദിനാള്‍മാരും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്. സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് അടക്കമുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി.

ശുശ്രൂഷകള്‍ നടത്താനാകാത്ത ഡീക്കന്‍ എന്ന പൗരോഹത്യ പദവിയില്‍ സ്ത്രീകള്‍ക്കും അവസരം അനുവദിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും വോട്ടെടുപ്പിന് വെച്ച വിഷയങ്ങളില്‍ ഏറ്റവുമധികം എതിർപ്പ് നേരിട്ടത് ഈ നിർദേശമായിരുന്നു. 52 പേജുള്ള സിനഡ് രേഖയിലെ 155 ഖണ്ഡികകളില്‍ ഓരോന്നും മൂന്നിൽ രണ്ട് വോട്ട് ഭൂരിപക്ഷത്തോടെ പാസായാലേ അംഗീകാരം ലഭിക്കൂ. 258 അംഗങ്ങള്‍ തീരുമാനത്തെ എതിർത്തപ്പോള്‍ 97 അംഗങ്ങള്‍ മാത്രമാണ് അനുകൂലിച്ചത്. എന്നാല്‍ അന്തിമരേഖ പുറത്തുവിട്ടപ്പോള്‍ ഈ ഖണ്ഡിക സംബന്ധിച്ച് സഭ നടത്തിയത് സ്ത്രീകള്‍ നേതൃപദവികള്‍ വഹിക്കുന്നതിനോട് സഭയ്ക്ക് എതിർപ്പോ തടസമോ ഇല്ലെന്ന പരാമർശം മാത്രമാണ്.

Also Read: "നിങ്ങളുടെ ഭാവി തീരുമാനിക്കൂ... "; യുവാക്കളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബറാക്ക് ഒബാമ

സ്ത്രീകളെ പുരോഹിതരായി നിയമിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രഖ്യാപനം നിലനില്‍ക്കെ, ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സഭയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാർപ്പാപ്പ നിയോഗിച്ച രണ്ട് വത്തിക്കാൻ കമ്മീഷനുകള്‍ പരിഗണിക്കുന്ന 10 വിഷയങ്ങളിലൊന്നാണിത്. അടുത്ത ജൂണിൽ, ഈ കമ്മീഷനുകള്‍ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സഭ നിലപാട് മാറ്റിയേക്കുമെന്നും സ്ത്രീ പ്രാധിനിത്യത്തിന്‍റെ വക്താക്കള്‍ കരുതുന്നു.


അതേസമയം, ലൈംഗിക ന്യൂനപക്ഷങ്ങളെയും സഭാനേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഗതാർഹമായിരിക്കുമെന്ന ചർച്ച നടന്നെങ്കിലും സിനഡ് രേഖയില്‍ ഇതു സംബന്ധിച്ച് പരാമർശമൊന്നുമുണ്ടായില്ല. പകരം, സ്വത്വത്തിന്‍റെയും, ലൈംഗികതയുടെയും പേരില്‍ മാറ്റിനിർത്തപ്പെട്ടും വിചാരണനേരിട്ടും വേദനയനുഭവിക്കുന്നവർ സഭയിലുണ്ട് എന്ന പരോക്ഷ പരാമർശം മാത്രമാണുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com