
സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള യുജിസി കരട് വിജ്ഞാപനത്തിന് എതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. ബിജെപി ഒഴികെയുള്ള കക്ഷികൾ പ്രമേയത്തെ പിന്തുണച്ചു. കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് അവതരിപ്പിച്ചത്. സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണത്തിൽ ഇടപെടാനുമുള്ള കേന്ദ്ര ശ്രമമാണിതെന്നും സ്റ്റാലിൻ ആരോപിച്ചു. ചാന്‍സലറായ ഗവർണർക്ക് അമിതാധികാരം നല്‍കുന്നതാണ് നിയമം എന്നാണ് ആരോപണം.
പ്രമേയത്തെ പിന്തുണച്ച എഐഎഡിഎംകെ, ബിജെപി സഖ്യകക്ഷിയായ പിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ പുതിയ നിയമം സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപകടകരമായി ബാധിക്കുമെന്നും ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുമെന്നും വിമർശിച്ചു. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിസി നിയമനത്തിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയത്.
യുജിസിയുടെ പുതിയ മാർഗരേഖയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഗവർണറുടെ പ്രവർത്തനം മന്ത്രിസഭാ നിർദേശങ്ങൾക്ക് വിധേയമാകണമെന്ന കാഴ്ചപ്പാടാണ് തകർക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരട് നിർദേശങ്ങൾ പിൻവലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിരുന്നു. ചാൻസലറായ ഗവർണർക്ക് വൈസ് ചാന്‍സലർമാരെ നേരിട്ട് നിയമിക്കാമെന്ന കരട് നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ്. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ഈ നിർദേശത്തെ എതിർക്കണമെന്നും പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ നർദേശങ്ങൾ. ചാൻസലറായ ഗവർണർക്ക് കൂടുതൽ അധികാരം നല്‍കുന്നതാണ് യുജിസി പുറത്തിറക്കിയ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം. കരട് നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സലർക്കായിരിക്കും. വിദഗ്‌ധർ അംഗങ്ങളായ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നുമായിരുന്നു 2018ലെ യുജിസി മാർഗനിർദേശം. പുതിയ മാർഗനിർദേശത്തിൽ വിസിയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.