
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നവീൻ ബാബുവിൻ്റെ മരണം ഞെട്ടിക്കുന്നതാണ്. പി.പി. ദിവ്യ അദ്ദേഹത്തെ അപമാനിക്കും വിധം സംസാരിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമായിരുന്നു നടന്നത്. അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലാത്ത ആളായിരുന്നു നവീൻ ബാബു. അധികാരത്തിരിക്കുന്നവർക്ക് ആരെയും അപമാനിക്കാം എന്ന് കരുതുന്നത് ഭൂഷണമല്ല. പരാതിയുണ്ടെങ്കിൽ കേസ് നൽകണം. അന്വേഷണം നടത്തി കുറ്റവാളിെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ക്ഷണിക്കാതെ പരിപാടിക്കിടെ കയറിവന്ന് മനപ്പൂർവമായി വ്യക്തിവിരോധം തീർക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
യാത്രയയപ്പ് പരിപാടിക്കിടെ പ.പി. ദിവ്യ അഴിമതി ആരോപണം ആരോപിച്ചതിനു പിന്നാലെയാണ് എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. ദിവ്യയുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരൻ പ്രശാന്തനും രംഗത്തെത്തിയിന്നു. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98500 രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.