
പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണശാല വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഒയാസിസ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്നാണ് ആരോപണം. കമ്പനി ഉടമകൾ ഡൽഹി മദ്യ വിവാദത്തിൽ ഉൾപ്പെട്ടവരാണെന്നും ഭൂഗർഭ ജലത്തെ മലിനമാക്കിയവർക്കാണ് സർക്കാർ ബ്രൂവറി ലൈസൻസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട സർക്കാർ നയ മാറ്റം യാതൊരു നടപടിയും പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനി ഉടമ ഗൗതം മൽഹോത്ര ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാളാണെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ കമ്പനിക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും പറഞ്ഞു. പഞ്ചാബിൽ ഈ മദ്യ കമ്പനി മലിനീകരണം ഉണ്ടാക്കിയെന്നാണ് ആരോപണം. നാല് കി.മീ പ്രദേശം മലിനമാക്കി. ബോർവെല്ലിൽ കൂടി വ്യാവസായിക മാലിന്യം തള്ളിയെന്നും ഈ വിഷയത്തിൽ ഇവർക്കെതിരെ കേസുണ്ടെന്നും സതീശൻ പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ പാർലമെന്റിന്റെ ശൂന്യവേളയിൽ അവതരിപ്പിക്കപ്പെട്ടതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പാലക്കാട് പ്ലാൻ്റ് തുടങ്ങാൻ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ലൈസൻസ് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇത് രാജഭരണമല്ല. എന്തു കിട്ടി എന്ന് മാത്രം ഇനി മന്ത്രി പറഞ്ഞാൽ മതി. സർക്കാർ നയപരമായി തീരുമാനമെടുത്തത് എഥനോൾ പ്ലാന്റിന്റെ കാര്യത്തിൽ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കഞ്ചിക്കോട് വ്യവസായ മേഖലയിൽ വ്യവസായ ഇടനാഴിയുടെ എതിർവശത്തായാണ് പുതിയ മദ്യനിർമാണശാല വരുന്നത്. എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മന്ത്രിസഭ അനുമതി നൽകിയത്. അനുമതിക്ക് പിന്നിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനും രംഗത്ത് വന്നിരുന്നു.