
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. വിഷയത്തിൽ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
240 ഓളം മലയാളി വിദ്യാര്‍ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.
സംഘര്‍ഷ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി. വേണുഗോപാല്‍ ആശയവിനിമയം നടത്തി. വിദ്യാർഥികൾക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി കെ.സി. വേണുഗോപാലിനെ അറിയിച്ചു. ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോടും വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു , രാജസ്ഥാൻ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി നാട്ടിലേക്ക് തിരിക്കും.