
പി.വി. അൻവർ വിവാദത്തിൽ സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അൻവറിന് പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെ സർക്കാർ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആരോപണളെല്ലാം തന്നെ പ്രതിപക്ഷം കഴിഞ്ഞ മൂന്ന് വർഷമായി ഉന്നയിക്കുന്ന കാര്യങ്ങളാണ്. ഭരണപക്ഷത്തുളള എംഎൽഎ തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയതോടെ പ്രതിപക്ഷം ആരോപിച്ചതെല്ലാം ശരിയാണെന്ന് തെളിയുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
എഡിജിപിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം വെറും പ്രഹസനം മാത്രമാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താത്തത്. പൂരം കലക്കിയത് അന്വേഷിക്കും. എന്നാൽ കലക്കിയവരെ കുറിച്ച് അന്വേഷണമില്ല. നാല് അന്വേഷണം നേരിടുന്ന അജിത് കുമാർ എഡിജിപിയായി തുടരുന്നു. ഇത് നൽകുന്ന സന്ദേശം എന്താണ്. ഒരു സമയത്ത് അൻവറിനെക്കൊണ്ട് തന്നെ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചു. ആ അൻവർ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു.കാലം കാത്തു വെച്ച നീതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ ആരോപിക്കുന്ന വിഷയങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകും. വ്യക്തിപരമായി പിന്തുണ നൽകണോ എന്നതിൽ ചർച്ച നടന്നിട്ടില്ല. സാഹചര്യം ഉണ്ടായാൽ ആലോചിക്കും. അൻവർ എൽഡിഎഫ് അംഗമാണ്. അൻവറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് സിപിഎം നേരത്തെ നടപടി എടുത്തില്ലെന്നും സതീശൻ ചോദിച്ചു.