
ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണം കനക്കെ പാലക്കാട് കെപിഎം ഹോട്ടലിൽ അരങ്ങേറിയ സംഭവവികാസങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. പാതിര റെയ്‌ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠൻ എംപി, എന്നിവർ പ്രതിഷേധമാർച്ചിന് നേതൃത്വം നൽകി. മാർച്ചിനിടെ പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി.
ഇന്നലെ നടന്നത് പൊലീസ് അതിക്രമം ആണെന്നും, വനിത നേതാക്കളെ അപമാനിച്ചെന്നും കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പ്രതികരിച്ചു. പൊലീസുകാരെ കയറൂരി വിടുന്നുവെന്നും, മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും, പറഞ്ഞ അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്നും ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത് വരെ ഇല്ലാത്ത ഗൂഢാലോചനയാണ് ഇന്നലെ നടന്നത്. എന്നാൽ സിപിഎം പാതിര നാടകം അരങ്ങിൽ എത്തും മുമ്പ് തന്നെ പൊളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കോൺഗ്രസ് വനിതാ നേതാക്കളോട് തോന്നിവാസമാണ് കാണിച്ചത്. ഞങ്ങളുടെ സഹോദരിമാരെ അപമാനിച്ചതിൽ മാപ്പ് കൊടുക്കില്ലെന്നും സതീശൻ പറഞ്ഞു. പണം പെട്ടി അന്വേഷിച്ച് വന്നതാണെന്നാണ് പൊലീസ് പറഞ്ഞത്. അത് അന്വേഷിച്ച് പൊലീസ് പോകണ്ടത് പിണറായി വിജയൻ ഉള്ള ക്ലിഫ് ഹൗസിൽ ആണ്.
സ്വാഭാവിക പരിശോധനയല്ല ഇന്നലെ ഉണ്ടായതെന്നും, നടന്നതൊക്കെ തിരക്കഥയുടെ ഭാഗമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവർ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ മുറികളിലും പരിശോധന നടന്നിരുന്നു. എന്തുകൊണ്ട് ഇത് വാർത്തയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാര്യത്തിൽ മാധ്യമപ്രവർത്തകരെയും സംശയം ഉണ്ടെന്നും ഷാഫി വ്യക്തമാക്കി.
ALSO READ: കോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്‌ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്
മാധ്യമപ്രവർത്തകരുടെ വിശ്വാസ്യതയെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പൊലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചു. ഇതൊക്കെ എങ്ങനെ പുറത്ത് വരുന്നുവെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നും പറയാൻ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിട്ടാണ് ഇതിനെ കാണുന്നത്. പരിശോധനയ്ക്ക് ശേഷം എഎസ്‌പി ഒന്നും കണ്ടെത്തിയില്ലെന്ന് വിശദീകരിച്ചു. പരിശോധനയുടെ റിപ്പോർട്ട് വേണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ ലഭ്യമായ റിപ്പോർട്ടിൽ പോലും അപാകതയുണ്ടായിരുന്നു.
പൊലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടന്നുവെന്നും ഷാഫി പറഞ്ഞു. സുരേന്ദ്രൻ്റെ ആരോപണങ്ങൾ ഉണ്ടയില്ലാത്ത വെടിയാണ്. സിപിഎം-ബിജെപി പരസ്പര അപരന്മാരെ പോലും തെരഞ്ഞെടുപ്പ് കളത്തിൽ ഇറക്കിയിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
സ്ത്രീകളുടെ മുറിയിൽ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റി വെച്ച്, നിയമപരമായി നേരിടും. തൃശൂർ പൂരം പോലൊരു സമയത്ത് ഗൂഢാലോചന നടത്തിയവർ, ഇവിടെയും സമാന തന്ത്രങ്ങൾ നടത്തും. ഹോട്ടലിൽ ട്രോളി കൊണ്ടുവന്നവരെ എല്ലാം പരിശോധിക്കട്ടെയെന്നും എത്ര പേർ വാഹനത്തിൽ വന്നുവെന്നും കണ്ടുപിടിക്കട്ടെയെന്നും ഷാഫി വ്യക്കതമാക്കി. കോൺഗ്രസിൻ്റെ പരാതിയിൽ പൊലീസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ച് നീങ്ങും. മറ്റ് കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. സംഭവസ്ഥലത്ത് ഇലക്ഷൻ കമ്മീഷൻ എല്ലാം കഴിഞ്ഞാണ് എത്തിയത്. വിവരം ലഭിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. ഇത് ഏറ്റവും വലിയ ദുരൂഹതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഡിവൈഎസ്‌പി ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും ബന്ധപ്പെട്ടവർ ഇതിനുള്ള മറുപടി തരണം, അതുവരെ പോരാട്ടം നടത്തുമെന്നും.
പരാജയഭീതിയാണ് ഇന്നലെ നടന്ന സംഭവത്തിന് പിന്നിലെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. റെയ്‌ഡിന് പിന്നിൽ ബിജെപി-സിപിഎം ആസൂത്രിത ഗൂഢാലോചനയാണെന്നും, എ.എ. റഹീമിൻ്റെയും പ്രഫുൽ കൃഷ്ണൻ്റെയും തിരക്കഥ പാളിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ സംഭവത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ റെയ്ഡ് തടഞ്ഞിട്ടില്ല. വനിതാ പൊലീസ് ഇല്ലാത്തതിനാലാണ് വനിതാ നേതാവ് ചോദ്യം ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് പൊലീസ് തന്നെ പറഞ്ഞു. കേരള പൊലീസ് തൻ്റെ നിയന്ത്രണത്തിൽ അല്ലല്ലോയെന്ന് പറഞ്ഞ രാഹുൽ ടി.വി.രാജേഷ്, വിജിൻ, എന്നിവർക്ക് പുറമേ ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിന് പ്രതിഷേധമില്ലാത്തത് എന്തുകൊണ്ടാണെന്നും മറിച്ച് സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചതിൽ ബിജെപിക്ക് പ്രതിഷേധം ഇല്ലാത്തത് എന്ത് കൊണ്ടാണെന്നും രാഹുൽ ചോദ്യമുയർത്തി.
ഒരു പാർട്ടി പോലെ റഹീമും പ്രഫുലും ഒറ്റക്കെട്ടായാണ് ഹോട്ടലിലെ സമരം നയിച്ചത്. പൊലീസിന് പോലും ഇല്ലാത്ത ആക്ഷേപമാണ് എൽഡിഎഫ് കൺവീനർ ഉന്നയിക്കുന്നത്. പൊലീസിന് രാഷ്ട്രീയ നിർദേശം നൽകുകയാണ് എൽഡിഎഫ് കൺവീനർ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. അനധികൃതമായ പണം തടയാൻ വേണ്ടിയാണെങ്കിൽ സിപിഎം നേതാക്കളുടെ മുറിയും പരിശോധിച്ചിട്ടുണ്ട്. സിപിഎം നേതാക്കൾ അനധികൃതമായി പണം സൂക്ഷിക്കുന്നു എന്നാണോ കൺവീനർ ഉദ്ദേശിച്ചതെന്നും രാഹുൽ ചോദിച്ചു.
സിപിഎം നേതാവിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് അത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ആളുടെ ഹോട്ടലിൽ അല്ലല്ലോ ആരും ഇത്തരം കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുക. അല്ലെങ്കിൽ നഗര മധ്യത്തിലെ ഹോട്ടലിൽ നിന്ന് ഇത്തരം ഇടപാടുകൾ നടത്തുമോയെന്നും രാഹുൽ പറഞ്ഞു. സാമാന്യ യുക്തിയെ അടിസ്ഥാനമാക്കിയാണ് താനിത് ചോദിക്കുന്നതെന്നും ആരെങ്കിലും ആയിരം രൂപയെങ്കിലും കൈമാറുമോ. അഥവാ ആയിരം രൂപ കൈമാറിയാൽ ആയിരം കോടിക്ക് മറുപടി പറയേണ്ടിവരുമെന്നും രാഹുൽ വ്യക്തമാക്കി.
ഹീനമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസ് നേതാവ് എം. ലിജു പറഞ്ഞു. സിപിഎമ്മും ബിജെപിയും പ്ലാൻ ചെയ്താണ് റെയ്ഡ് നടത്തിയത്. കൂടാതെ വനിതാ പൊലീസ് ഇല്ലാതെ റെയ്ഡ് നടത്തിയതെന്നും, മുഖ്യമന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലൂടെ സിപിഎം ബിജെപി അന്തർധാര വ്യക്തമായെന്നും ലിജു കൂട്ടിച്ചേർത്തു.