"പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയുള്ള നാടായി കേരളം മാറി, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പാലൂട്ടി വളർത്തുന്നു"

മുനമ്പത്തെ ജനങ്ങൾക്ക് കിട്ടേണ്ട നീതി ലഭിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
"പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയുള്ള നാടായി കേരളം മാറി, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പാലൂട്ടി വളർത്തുന്നു"
Published on

കേരളം പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുള്ള നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഉണ്ട്. പരസ്പരം ഇവർ പാലൂട്ടി വളർത്തുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

മുനമ്പത്തെ ജനങ്ങൾക്ക് കിട്ടേണ്ട നീതി ലഭിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ട്രൈബ്യൂണലിനെ കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് നീക്കം. എന്തിന് വേണ്ടി ചെയ്തു എന്ന് വ്യക്തമാക്കണം. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇപ്പോഴത്തെ വഖഫ് ബോർഡ് കാലാവധി കഴിഞ്ഞ് മെയ് 29 വരെ സ്റ്റേ വാങ്ങി. വഖഫ് ബോർഡ് നീതി പൂർണമായ തീരുമാനം എടുക്കുമെന്ന് ഭയന്നിട്ടാണ് സർക്കാർ ഇത് ചെയ്തത്. സംഘപരിവാർ അജണ്ടയ്ക്ക് വഴി ഒരുക്കുകയാമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. സർക്കാരിന്റെ അനുമതിയോടെയാണ് വഖഫ് ബോർഡ് കോടതിയിൽ പോയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മും സർക്കാരും മറുപടി പറയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 100 കോടിയിൽ അധികം അനധികൃത സ്വത്ത് ആണ് കണ്ടെത്തിയത്. ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ആണുള്ളത്. ഇത് സത്യമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. സിപിഎം മറുപടി പറയണം. ഒരു ജില്ലയിൽ ഇതാണെങ്കിൽ മറ്റുള്ള ഇടങ്ങളിൽ എന്തായിരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മാസപ്പടി കേസിൽ സിപിഎം നേതാക്കൾ പിണറായി വിജയനെ ഭയന്ന് മത്സരിച്ച്‌ മത്സരിച്ച്‌ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോടിയേരിയുടെ മകന്റെ കാര്യം വന്നപ്പോൾ സിപിഎം നേതാക്കൾ അതല്ലല്ലോ ചെയ്തത്. അധികാരത്തിന്റെ കൂടെ നിൽക്കാം എന്നാണ് തീരുമാനം. സിപിഎം നേതാക്കൾക്ക് കാഴ്ചപ്പാട് ആല്ല ആഴ്ചപ്പാട് ആണ് ഉള്ളത്. ബിനോയ്‌ വിശ്വത്തിന്റെ ഈ അഭിപ്രായം എത്ര ദിവസം നിലനിൽക്കുമെന്ന് അറിയില്ല. അസ്വസ്ഥതകൾ മുന്നണിക്കകത്ത് പുകയുകയാണെന്നും മുഖ്യമന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാൽ അതിനു ഞങ്ങൾ പിന്തുണ നൽകുമെന്നും കൂട്ടിച്ചേ‍ർത്തു.

കെ.എം. എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക. മുഖ്യമന്ത്രിയുടെ ആദ്യ പ്രിൻസിപ്പൽ സെക്രട്ടറി അല്ല പെടുന്നത്. പ്രാഥമികമായി വലിയ തെളിവ് ഉണ്ട്. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഇതൊക്കെ ചോദിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ക്ഷുഭിതൻ ആകുന്നത്. മുഖ്യമന്ത്രി ഉത്തരം പറയണം. മുഖ്യമന്ത്രി ഒന്നിനും മറുപടി പറയുന്നില്ല. സംഘപരിവാറിനെ ഭയന്ന് കുട പിടിച്ചു കൊടുക്കുകയാണ്. അത് തന്നെയാണ് ആലപ്പുഴയിൽ കണ്ടത്. മുഖ്യമന്ത്രി അതിൽ നിന്ന് പിന്മാറണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ബില്ലുകളുടെ സമയ പരിധി നിശ്ചയിക്കുന്ന സുപ്രീം കോടതി വിധിയിൽ കേരള ഗവർണരുടെ പ്രതികരണം ഖേദകരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ പറയാൻ പാടില്ല. ഭരണഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് ഇത്. വേണമെങ്കിൽ റിവ്യൂ പെറ്റീഷൻ നൽകണം. കമന്റ് അനുചിതമായിപ്പോയിയെന്നും സതീശൻ പറഞ്ഞു.

രാഹുൽ മാങ്കുട്ടത്തിനെതിരായ കേസിൽ ഒരു ഭീഷണിയിലും ഭയപ്പെടുന്നവർ അല്ല ഞങ്ങളെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഭീഷണികൾക്ക് വഴങ്ങില്ല. രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോൺഗ്രസിനുണ്ട്. വഖഫ് നടപടിക്രമങ്ങൾക്ക് കേരളം സ്റ്റേ വാങ്ങിച്ചിരിക്കുകയാണ്. ട്രൈബ്യൂണലിനെ ഭയന്നാണ് കേരളത്തിന്റെ ഈ നടപടി. വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടു കൂടിയാണ് കോടതിയിൽ നിന്നുള്ള സ്റ്റേ. സംഘപരിവാർ അജണ്ടയ്ക്ക് വഴിയൊരുക്കി കൊടുക്കുകയാണ്. മുനമ്പത്തെ ജനങ്ങൾക്ക് നീതി കൊടുക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് സർക്കാരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com