'വിവാദത്തിന് വഴിയൊരുക്കരുത്'; പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകളെ വിലക്കി പ്രതിപക്ഷ നേതാവ്

തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുന്നതിന് മുമ്പ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക് അടക്കം സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ അവകാശമില്ലെന്നും സതീശൻ പറഞ്ഞു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ വേണ്ടെന്ന് ആവർത്തിച്ച് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് സമിതിക്ക് വിഷയത്തിൽ തീരുമാനം എടുക്കും. അനാവശ്യ വിവാദത്തിന് അവസരം നൽകരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സതീശൻ്റെ പ്രതികരണം.

ലോകസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ സ്ഥാനാർഥിയായതിന് പിന്നാലെയാണ് പാലക്കാട് സ്ഥാനാർഥി ചർച്ചകൾ തുടങ്ങിയത്. ഷാഫിക്ക് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ വരുമെന്നായിരുന്നു ആദ്യഘട്ടത്തിൽ കരുതിയത്. എന്നാൽ തൃശ്ശൂരിൽ തോറ്റതോടെ കെ മുരളീധരൻ്റെ പേരും മണ്ഡലത്തിൽ പ്രചരിച്ചു. മുരളീധരന് വേണ്ടി പോസ്റ്ററും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് മുരളീധരനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിച്ചത്.

യുവത്വവും ജില്ലക്കുള്ളിലെ സാന്നിധ്യവുമെല്ലാം സ്ഥാനാർഥി നിർണയത്തിന് മാനദണ്ഡമായി പറയാൻ തുടങ്ങി. ഇതോടെ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷന് ഒപ്പം കെ പി സി സി വൈസ് പ്രസിഡൻ്റും മുൻ തൃത്താല എം എൽ എയുമായ വി ടി ബൽറാമിൻ്റെ പേരും പ്രചരിച്ചു. ഒറ്റപ്പാലത്തു നിന്ന് 2021 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ പി സി സി ഡിജിറ്റൽ മീഡിയയുടെ ചുമതലയുള്ള പി സരിനും ചർച്ചയിലേക്കെത്തി. അവസാനം കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എ തങ്കപ്പൻ്റെ പേരും വന്നതോടെ അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ സജീവമായി. പിന്നാലെയാണ് ചർച്ചകൾ വിലക്കി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്.

സതീശൻ മുന്നറിയിപ്പ് നൽകിയിട്ടും മണ്ഡലത്തിൽ വീണ്ടും സ്ഥാനാർഥി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മണ്ഡലത്തിൽ സജീവമാകാനുള്ള നീക്കങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ അടക്കം നടത്തുന്നുണ്ട്. സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്ന മറ്റ് നേതാക്കളും അടുത്തിടെയായി പാലക്കാട്‌ കേന്ദ്രികരിക്കുന്നുണ്ട്. ചർച്ച സജീമായതോടെ സ്ഥാനാർഥിത്വം കോൺഗ്രസിനും കീറാമുട്ടിയാകുമെന്നുറപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com