
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടി ഭയം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാളെ രാവിലെ ഒന്‍പത് മണിക്ക് നിയമസഭ ചേരും, ഇന്ന് രാത്രി ഒന്‍പത് മണിക്ക് എഡിജിപിയെ നീക്കിയത് ഭയം കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപിയെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിട്ടത്. പ്രതിപക്ഷത്തിന്റെ സമ്മർദത്തിൽ വഴങ്ങിയാണ് ഈ നടപടിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
"പൂരം കലക്കിയതിന്റെ പേരിലാണോ ഈ നടപടി? അങ്ങനെയാണെങ്കിൽ അത് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു. ആര്‍എസ്എസ് നേതാക്കളെ കണ്ടതിനാണോ, അതോ പൂരം കലക്കിയതിനാണോ നടപടി? അത് വ്യക്തമാക്കണം. രണ്ട് കൊലക്കേസിൽ ഉൾപ്പെട്ടുവെന്ന ആരോപണം നേരിടുന്നയാളാണ് എഡിജിപി. എന്നിട്ടാണോ ബറ്റാലിയൻ ചുമതയിലേക്ക് മാറ്റുന്നത്.? കണ്ണിൽ പൊടിയിടാനുള്ള ഒരു നടപടി മാത്രമാണിത്. ഇതെന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി, ബാക്കി നാളെ നിയമസഭയില്‍" വി.ഡി. സതീശന്‍ പറഞ്ഞു.
ALSO READ : ഒടുവില്‍ ഔട്ട് ! എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
അജിത് കുമാറിന്റെ സ്ഥാനമാറ്റം പ്രതിപക്ഷത്തിന്റെ വിജയമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പിണറായി വിജയന്റെ വിശ്വസ്തർക്ക് ഇതൊരു പാഠമാണ്.. നിയമസഭക്ക് അകത്തും പുറത്തുമുള്ള പോരാട്ടം പ്രതിപക്ഷം തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അടിമുടി അഴിമതിക്കാരനും ക്രിമിനലുമായ എഡിജിപി അജിത്കുമാറിനെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഏറ്റവും ഗുരുതരമായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തുകൊണ്ടു വന്ന എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയാണ്.
ALSO READ : ഉചിതമായ, ശരിയായ നടപടി; ഇത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയം: ADGPയുടെ ചുമതല മാറ്റത്തില്‍ ബിനോയ് വിശ്വം
തൃശൂർ പൂരം കലക്കി ബിജെപിക്ക് ജയിക്കാൻ വഴിമരുന്നിട്ട പിണറായി - ആര്‍എസ്എസ് ഡീലിന്റെ മധ്യസ്ഥനായി എഡിജിപി അജിത്കുമാർ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയെ കണ്ട വിവരം ആദ്യം പുറത്ത് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. അന്ന് അതിനെ സിപിഎം പ്രതിരോധിച്ചിട്ടും ഇന്ന് അയാളെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.