ഗൺമാന് ക്ലീൻചിറ്റ്: പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമെന്ന് പ്രതിപക്ഷ നേതാവ്

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ വാങ്ങാതെ ക്രൈംബ്രാഞ്ച് ഒഴിഞ്ഞുമാറിയെന്ന് കേസിലെ പരാതിക്കാരനായ അജയ് ജുവൽ കുര്യാക്കോസും ആരോപിച്ചു
ഗൺമാന് ക്ലീൻചിറ്റ്: പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമെന്ന് പ്രതിപക്ഷ നേതാവ്
Published on


യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് ക്ലീൻചിറ്റ് നൽകിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിലെ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണ്. റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥർ സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ല. പൊലീസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു. തുടർനടപടിക്കായി നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ വാങ്ങാതെ ക്രൈംബ്രാഞ്ച് ഒഴിഞ്ഞുമാറിയെന്ന് കേസിലെ പരാതിക്കാരനായ അജയ് ജുവൽ കുര്യാക്കോസ് ആരോപിച്ചു. നവകേരള ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമിച്ച യൂത്ത് കോൺഗ്രസ്‌ നേതാവാണ് അദ്ദേഹം. തെളിവായ ദൃശ്യങ്ങൾ നൽകാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒഴിഞ്ഞുമാറി.

പല പ്രാവശ്യം ദൃശ്യങ്ങൾ ഹാജരാക്കാൻ ഡിവൈഎസ്‌പിയെ ബന്ധപ്പെട്ടിരുന്നു. എങ്കിലും പല കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി. മാധ്യമ പ്രവർത്തകരോട് ദൃശ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. തുടർനടപടികളുടെ ഭാഗമായി കോടതിയെ സമീപിക്കുമെന്നും അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com